ശാന്തിഗിരി ആശ്രമത്തിൽ നാളെ പൂജിതപീഠം സമർപ്പണം ആഘോഷം
മന്ത്രിമാരായ ജി.ആര്‍. അനില്‍, വി.അബ്ദു റഹിമാന്‍, സംവിധായകന്‍ വിനയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

പോത്തൻകോട് (തിരുവനന്തപുരം): ഗുരുശിഷ്യപാരസ്പര്യത്തിന്റെ ധന്യസ്മരണകൾ ഉണർത്തി ശാന്തിഗിരി ആശ്രമത്തിൽ നാളെ (ഫെബ്രുവരി 22, ബുധനാഴ്ച) പൂജിതപീഠം സമർപ്പണാഘോഷം നടക്കും. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും നാളെ സമാപനമാകും. രാവിലെ 5 ന് താമരപർണ്ണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി. 6 ന് ആരാധന. തുടർന്ന് ധ്വജം ഉയർത്തൽ. 7 മുതൽ പുഷ്പസമർപ്പണം. രാവിലെ 9 മുതൽ സൗഹൃദക്കൂട്ടായ്മമ. സംസ്ഥാന ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, എം.പി.മാർ, എം.എൽ.എ. മാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിക്കും. 11 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും. 12 ന് ആരാധനയും ഗുരുപൂജയും. ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് 4 ന് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട, വാദ്യഘോഷങ്ങൾ, ദീപങ്ങൾ എന്നിവയുടെ അകമ്പടിയോടെയാകും കുംഭമേള നടക്കുന്നത്. കർമ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തിൽ ക്ഷേമ ഐശ്വര്യങ്ങൾ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികൾ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തിൽ സമർപ്പിക്കും. പൂജിതപീഠം ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിലെ അനാഥാലയങ്ങളിൽ അന്നദാനവും കുടുംബസംഗമങ്ങളും സത്സംഗങ്ങളും നടന്നു. ഇന്നലെ രാവിലെ 9ന് താമരപ്പർണ്ണശാലയിൽ ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് കുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമായി.