സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വീണ്ടും ട്രഷറി നിയന്ത്രണം

തിരുവനന്തപുരം ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിയിൽ 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കി. നേരത്തേ 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം. എന്നാൽ ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിനു തടസ്സമില്ല.
25,000 കോടി ചെലവു പ്രതീക്ഷിക്കുന്ന അടുത്ത മാസം 10,000 കോടി മാത്രമാണു സർക്കാരിനു വരുമാനമായി ലഭിക്കാൻ സാധ്യത. പദ്ധതി ചെലവുകൾ പാതിവഴിയിലുമാണ്. ഇതിനിടെ ട്രഷറി നിയന്ത്രണം കൂടി വന്നതോടെ പദ്ധതി നടത്തിപ്പു കൂടുതൽ പ്രതിസന്ധിയിലാകും. വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് വിതരണത്തെയും ട്രഷറി നിയന്ത്രണം ബാധിച്ചു തുടങ്ങിയെന്നാണു വിവരം. നിയന്ത്രണം ഏർപ്പെടുത്തിയാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനു തടസ്സം സൃഷ്ടിക്കുന്ന പതിവില്ല. എന്നാൽ ഇപ്പോൾ ജീവനക്കാർക്കും 25 ലക്ഷം രൂപയിലധികം കൊടുക്കേണ്ടെന്നു വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.
പെൻഷൻ ആകുന്നവരിൽ ഭൂരിഭാഗത്തിന്റെയും പിഎഫ് തുക 25 ലക്ഷത്തിനു മുകളിലായിരിക്കും. മാർച്ചിൽ അധ്യാപകരും മേയിൽ ജീവനക്കാരും കൂട്ടത്തോടെ വിരമിക്കും. എന്നാൽ പിഎഫ് ആനുകൂല്യം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നു ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങൾ കാരണം തടസ്സം ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ലെന്നും അവർ പറയുന്നു.
25 ലക്ഷമാക്കിയത് കഴിഞ്ഞ ഏപ്രിലിൽ
ഈ സാമ്പത്തിക വർഷം ആദ്യം മുതൽ ട്രഷറിയിൽനിന്ന് അനുവദിക്കുന്ന തുകയ്ക്കു നിയന്ത്രണം ഉണ്ട്. കഴിഞ്ഞ ഏപ്രിൽ 26ന് തുക ഒരു കോടി രൂപയിൽനിന്ന് 25 ലക്ഷം രൂപയാക്കി കുറച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കുമെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഈ നിയന്ത്രണം. സാമ്പത്തിക വർഷാരംഭം നിയന്ത്രണം ഉണ്ടാകില്ലെന്ന പതിവും അന്നുതെറ്റി. വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സെപ്റ്റംബറിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവകാശപ്പെട്ടത്.