Uncategorized

യുക്രെയ്നില്‍ റഷ്യന്‍ മുന്നേറ്റം

“Manju”

കീവ്: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ പട്ടാളം സാവധാനത്തില്‍ മുന്നേറുന്നതായി റിപ്പോര്‍ട്ട്. വടക്കുകിഴക്ക് കുപിയാന്‍സ് പട്ടണത്തിലും കിഴക്ക് ബാക്മുത് പട്ടണത്തിലും റഷ്യ ആക്രമണം കടുപ്പിച്ചു. കുപിയാന്‍സ്കിലുള്ള ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് യുക്രെയ്ന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പ്രധാന റെയില്‍വേ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന കുപിയാന്‍സ് പട്ടണം, കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ അധിനിവേശം ആരംഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യന്‍ പട്ടാളം പിടിച്ചെടുത്തിരുന്നു. എന്നാല്‍, സെപ്റ്റംബറില്‍ യുക്രെയ്ന്‍ സേന ഖാര്‍കീവ് മേഖലയില്‍ നടത്തിയ മിന്നല്‍ പ്രത്യാക്രമണത്തില്‍ റഷ്യന്‍ പട്ടാളത്തിനു കുപിയാന്‍സ് അടക്കം പല സ്ഥലങ്ങളില്‍നിന്നു പിന്തിരിഞ്ഞോടേണ്ടിവന്നു.

പട്ടണത്തിലും അതിനോടു ചേര്‍ന്ന പ്രദേശങ്ങളിലും റഷ്യന്‍ ഷെല്ലിംഗ് ശക്തമായ സാഹചര്യത്തിലാണ് ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുന്നതെന്ന് യുക്രെയ്ന്‍ സേനാ വൃത്തങ്ങള്‍ പറഞ്ഞു. മാസങ്ങളായി രൂക്ഷപോരാട്ടം നടക്കുന്ന ബാക്മുത് പട്ടണം വൈകാതെ റഷ്യയുടെ നിയന്ത്രണത്തിലാകുമെന്നും സൂചനയുണ്ട്. റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പാണ് ഇവിടെ ആക്രമണത്തിനു നേതൃത്വം നല്കുന്നത്. പട്ടണം പൂര്‍ണമായി വളഞ്ഞുവെന്ന് വാഗ്നര്‍ ഗ്രൂപ്പ് നേതാവ് യെവ്‌ജനി പ്രിഗോഷിന്‍ അറിയിച്ചു.  ബാക്മുത്തിലെ സ്ഥിതിഗതികള്‍ വഷളാണെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് സെലന്‍സ്കി നേരത്തേ സമ്മതിച്ചിരുന്നു.

Related Articles

Check Also
Close
Back to top button