Uncategorized

കാലാവസ്ഥാ നിരീക്ഷണത്തിന് കോഴിക്കോടും ഡോപ്ലർ റഡാർ

“Manju”

തിരുവനന്തപുരം; കാലാവസ്ഥാ നിരീക്ഷണത്തിനു കോഴിക്കോട് ഡോപ്ലർ റഡാർ (എക്സ് ബാൻഡ്) സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമതി. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കോഴിക്കോടും റഡാർ വരുന്നതോടെ കേരളം മുഴുവൻ റഡാർ നിരീക്ഷണത്തിലാകും. കൊച്ചിയിലെ റഡാറിന്റെ പരിധി കണ്ണൂർ തലശേരി വരെയാണ് ഉണ്ടായിരുന്നത്. വടക്കൻ കേരളത്തിൽ റഡാർ ഇല്ലാത്തതിനാൽ പ്രളയസമയത്തടക്കം കൃത്യമായ കാലാവസ്ഥ നിരീക്ഷണത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു.

കൊച്ചി കഴിഞ്ഞാൽ ഗോവയിലാണു റഡാറുള്ളത്. വടക്കൻ കേരളത്തിൽ റഡാർ സ്ഥാപിക്കണമെന്നതു കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ടു ദുരന്തനിവാരണ അതോറിറ്റി നിരവധി കത്തുകൾ കേന്ദ്രത്തിനു നൽകിയിരുന്നു. വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോഡ് ജില്ലകൾക്കു പുതിയ റഡാറിന്റെ പ്രയോജനം ലഭിക്കും. പുതിയ റഡാർ വരുന്നതോടെ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാകും. ഒരു വർഷത്തിനുള്ളിൽ കോഴിക്കോട്ടെ ബീച്ച് റോഡിലുള്ള ഓഫിസ് വളപ്പിൽ റഡാർ സ്ഥാപിക്കുന്നതിനാണു മുൻഗണന നൽകുന്നതെന്ന് അധികൃതർ പറഞ്ഞു.

കാലാവസ്ഥാ നിരീക്ഷണ വകുപ്പാണു റഡാർ സ്ഥാപിക്കുന്നത്. 100 കിലോമീറ്ററാണ് റഡാറിന്റെ പരിധി. തിരുവനന്തപുരത്ത് വിഎസ്‌എസ്‌സിയിലാണ് റഡാർ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിയിൽ പള്ളുരുത്തിയിലാണ് റഡാറുള്ളത്. കൊച്ചി റഡാറിന് കണ്ണൂർ വരെയും തിരുവനന്തപുരം റഡാറിന് ഏകദേശം കൊച്ചി വരെയും പരിധിയുണ്ട്. തിരുവനന്തപുരത്താണ് ആദ്യ ഡോപ്ലർ റഡാർ സ്ഥാപിച്ചത്. കൊച്ചിയിലെ സ്റ്റോം ഡിറ്റക്‌ഷൻ റഡാർ മാറ്റി പിന്നീട് ഡോപ്ലർ റഡാര്‍ സ്ഥാപിക്കുകയായിരുന്നു.

Related Articles

Back to top button