Uncategorized

1300 അഭയാര്‍ഥികള്‍ കടലില്‍ അപകടാവസ്ഥയില്‍

“Manju”

മിലാന്‍: യൂറോപ് ലക്ഷ്യമാക്കി ബോട്ടുകളില്‍ നീങ്ങിയ 1300ഓളം അഭയാര്‍ഥികള്‍ കടലില്‍ അപകടാവസ്ഥയിലെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന.
ഇവരെ രക്ഷിക്കാനായി പ്രത്യേക രക്ഷാദൗത്യം ആരംഭിച്ചു.
800ഓളം പേരെ തീരസംരക്ഷണ സേന ബോട്ടുകളില്‍ രക്ഷിച്ചു. കൂടുതല്‍ ബോട്ടുകളും നേവിയുടെ കപ്പലും കടലിലുണ്ട്. വിമാനത്തിലും ഡ്രോണിലും നിരീക്ഷണം നടത്തിയാണ് അപകടാവസ്ഥയിലുള്ള ബോട്ടുകളെ കണ്ടെത്തുന്നത്. അടുത്ത മണിക്കൂറുകളില്‍ കാലാവസ്ഥ മോശമാകാനിടയുണ്ടെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ ജാഗ്രതയിലാണ്.
ഫെബ്രുവരി 26ന് ഇറ്റാലിയന്‍ തീരത്ത് അഭയാര്‍ഥികളുടെ ബോട്ട് അപകടത്തില്‍പെട്ട് 73 പേര്‍ മരിച്ചിരുന്നു. ബുധനാഴ്ച മുതല്‍ 3000ത്തിലേറെ പേര്‍ ബോട്ടുമാര്‍ഗം ഇറ്റലിയിലെത്തി. വ്യാഴാഴ്ച 41 ബോട്ടുകളിലായി 1869 പേരാണ് എത്തിയത്. ഒരുദിവസത്തെ കൂടിയ എണ്ണമാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആകെ 1300ഓളം പേരെത്തിയ സ്ഥാനത്താണിത്.
ഇറ്റാലിയന്‍ തീരങ്ങളിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുമെന്ന് വാഗ്ദാനം നല്‍കിയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അധികാരത്തിലെത്തിയത്. അനധികൃത കുടിയേറ്റങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ ഫെബ്രുവരിയിലെ അപകട പശ്ചാത്തലത്തില്‍ ആവര്‍ത്തിച്ചിരുന്നു.
ആഭ്യന്തര സംഘര്‍ഷം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാലാണ് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്. ബോട്ടുകളില്‍ അനധികൃതമായും അപകടകരമായുമാണ് ഭൂരിഭാഗവും ഇങ്ങനെ പോകുന്നത്.

Related Articles

Back to top button