Uncategorized

ശാന്തിഗിരിയുടെ പ്രവർത്തനങ്ങൾ നാടിന് കൂടുതൽ മിഴിവേകും- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

സുൽത്താൻ ബത്തേരി: ആശ്രമപ്രവർത്തനങ്ങൾ നാടിന് കൂടുതൽ മിഴിവേകുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. 2023ഏപ്രിൽ 5 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ തീർത്ഥയാത്രയ്ക്കും നമ്പ്യാർകുന്ന് ഉപാശ്രമത്തിന്റെ പ്രതിഷ്ഠാപൂർത്തീകരണത്തിനും മുന്നോടിയായി ആശ്രമത്തിൽ നടന്ന ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. 1978 നവംബറിലായിരുന്നു ഈ പ്രദേശത്തേക്കുളള ഗുരുവിന്റെ ആദ്യ സന്ദർശനം. അന്ന് ചീരാലിൽ ബസ് ഇറങ്ങി കാൽനടയായാണ് ഗുരു ഇവിടേക്ക് എത്തിയത്. മരങ്ങളുടെ ശീതളഛായയിൽ ഒരു ഒറ്റമുറി മൺവീട്ടിലാണ് ഗുരു അന്ന് താമസിച്ചത്. പിന്നീടുളള സന്ദർശനവേളകളിലൊക്കെ ഗുരു ഇവിടെ താമസിക്കുകയും പ്രദേശവാസികളെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുഭക്തനായ പരമേശ്വരൻ സമർപ്പിച്ച അഞ്ചേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൺവീടിനോട് ചേർന്ന് ഗുരുവിനായി ഒരു ചെറിയ വിശ്രമമുറിയും പിന്നീട് ഗുരുഭക്തർ നിർമ്മിച്ചു. ഗുരു ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും ഇവിടെ സംരക്ഷിച്ചു പോരുന്നു.വയനാടിന്റെ പഴമയെ നിലനിർത്തി, പ്രകൃതിയെ നോവിക്കാതെ, ഗുരുവിന്റെ തപോഭൂമിയെ ആത്മീയത വിളിച്ചോതുന്ന വേറിട്ട പൈതൃക കേന്ദ്രമാക്കി മാറ്റുന്നതിനാണ് ആശ്രമം ലക്ഷ്യമിടുന്നത്. വഴിയും വെളിച്ചവുമില്ലാതിരുന്ന ഈ നാട് ഒരിക്കൽ ഒരു അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമാകുമെന്ന ഗുരുവാക്കിനെ മുൻനിർത്തിയുളള പ്രവർത്തനങ്ങൾക്ക് നമ്പ്യാർകുന്നിൽ തുടക്കമാകുമെന്നും സ്വാമി അറിയിച്ചു. ഗുരുസ്ഥാനീയയുടെ സന്ദർശനത്തോടെ ആശ്രമത്തിന്റെ നാൾവഴികൾ ആലേഖനം ചെയ്ത പർണ്ണശാല പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ഇന്ന് നടന്ന ആലോചനാ യോഗത്തില്‍ പങ്കെടുത്തവര്‍

ഏപ്രിൽ 4 ന് വൈകുന്നേരം 6 മണിക്ക് നമ്പ്യാർകുന്നിൽ എത്തിച്ചേരുന്ന ശിഷ്യപൂജിതയെ സന്യാസിമാരും ഗുരുഭക്തരും നാട്ടുകാരും ചേർന്ന് സ്വീകരിക്കും. തുടർന്ന് ആശ്രമത്തിലെത്തുന്ന ശിഷ്യപൂജിത ദർശനമന്ദിരത്തിൽ വിശ്രമിക്കും. ഏപ്രിൽ 5ന് രാവിലെ 9 മണിക്ക് പ്രാർത്ഥനാലയത്തിൽ പ്രതിഷ്ഠാകർമ്മം നടക്കും. വൃതശുദ്ധിയോടെ മനസും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ കണ്ഠങ്ങളില്‍ നിന്നും അഖണ്ഡ മന്ത്രാക്ഷരങ്ങള്‍ ഉയരുന്ന പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് പുന: പ്രതിഷ്ഠാകർമ്മം നടക്കുന്നത്.  തുടര്‍ന്ന് ഗുരുദര്‍ശനം. ആശ്രമ ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്ന സൗഹൃദസമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വൈകുന്നേരം 4 ന് നടക്കുന്ന ആദരവ് സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 വ്യക്തിത്വങ്ങളെ ആദരിക്കും. വൈകുന്നേരം 6 ന് ദീപപ്രദക്ഷിണം നടക്കും. രാത്രി 8 ന് പഴമയുടെ ഉത്സവമായി പാരമ്പര്യ വാദ്യഘോഷങ്ങൾ സമ്മേളിക്കുന്ന മ്യൂസിക് ഫ്യൂഷനും  ഉണ്ടാകും.

ഇന്ന് ( മാർച്ച് 18 ശനിയാഴ്ച) നടന്ന ആലോചനയോഗത്തിൽ ജനനി അദേദ ജ്ഞാനതപസ്വിനി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, സ്വാമി മധുരനാദൻ ജ്ഞാനതപസ്വി,  സാമി ഭക്തദത്തൻ ജ്ഞാനതപസ്വി,  സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി, സ്വാമി ആത്മചിത്തൻ ജ്ഞാനതപസ്വി, സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, സ്വാമി ചിത്തപ്രകാശ ജ്ഞാനതപസ്വി എന്നിവരും വിവിധ ഏരിയയിൽ നിന്നും എത്തിച്ചേര്‍ന്ന അമ്പതോളം ഗുരുഭക്തരും പങ്കെടുത്തു.

Related Articles

Back to top button