KeralaLatest

അച്യുത മേനോന്റെ ഓർമകൾക്ക് 29 വയസ്

“Manju”

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സി അച്യുത മേനോൻ വിടവാങ്ങി 29 വർഷം. ക്രാന്തദർശിയായ ഭരണാധികാരിയായിരുന്നു അച്യുത മേനോൻ. കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ഭരണപാടവവുമായിരുന്നു.

തികഞ്ഞ ലാളിത്യമായിരുന്നു അച്യുത മേനോന്റെ മുഖമുദ്ര. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഏവർക്കും കൗതുകമായിരുന്നു. അച്യുത മേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങൾ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി.

കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ്, കേരള കാർഷിക സർവകലാശാല, വനഗവേഷണ കേന്ദ്രം, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സിഡബ്ല്യുആർഡിഎം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആരംഭിച്ചത്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം കക്ഷിതാൽപര്യങ്ങൾക്കതീതനായ ഭരണാധികാരിയായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച അച്യുത മേനോൻ അയിത്തത്തിനെതിരേയും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയിൽ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധകാലത്ത് തേക്കിൻകാട് മൈതാനിയിൽ നടത്തിയ യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹം ജയിലിലടക്കപ്പെട്ടു. 1941ൽ സിപിഐയിൽ അംഗമായ അദ്ദേഹം പിന്നീട് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പാർട്ടി നിരോധിച്ചപ്പോൾ നാല് വർഷത്തോളം ഒളിവിൽ കഴിഞ്ഞു. 1957ലും 1960ലും 70ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ച് നിയമസഭയിലെത്തി. 1957ലെ ഇഎംഎസ് സർക്കാരിൽ ധനമന്ത്രിയായിരുന്നു അച്യുതമേനോൻ. 1968ൽ രാജ്യസഭാംഗമായി. 1969ൽ ഐക്യമുന്നണി സർക്കാർ രൂപീകരിച്ചപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായി. 1970ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും അച്യുത മേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി. സാഹിത്യത്തിലും കലകളിലും പാണ്ഡിത്യമുണ്ടായിരുന്ന അച്യുത മേനോൻ ഒരു സാഹിത്യ വിമർശകൻ കൂടിയായിരുന്നു.

Related Articles

Back to top button