IndiaLatest

വിവിധ വികസന പദ്ധതികളുമായി പ്രധാനമന്ത്രി 24ന് വാരാണസിയില്‍

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് വീണ്ടുമെത്തുന്നു. മാര്‍ച്ച്‌ 24ന് നടക്കുന്ന ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പും സംഘടിപ്പിക്കുന്ന വണ്‍ വേള്‍ഡ് ടിബി ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്‌ക്ക് 12ന് സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാല ഗ്രൗണ്ടില്‍ 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

2001-ല്‍ സ്ഥാപിച്ച സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പ് ഐക്യരാഷ്‌ട്രസഭയുടെ ആതിഥേയത്വം വഹിക്കുന്ന സംഘടനയാണ്. ക്ഷയരോഗബാധിതരുടെയും സമൂഹത്തിന്റെയും രാജ്യങ്ങളുടെയും ശബ്ദത്തിനു കരുത്തേകലാണ് സംഘടനയുടെ ലക്ഷ്യം. പരിപാടിയില്‍, ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. ക്ഷയരോഗ പ്രതിരോധത്തിനുള്ള ചികിത്സ(ടിപിടി) യുടെ ദേശീയതല ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 30 രാജ്യങ്ങളില്‍നിന്ന് എത്തുന്ന പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും, 2023ലെ ഇന്ത്യയുടെ വാര്‍ഷിക ക്ഷയരോഗ റിപ്പോര്‍ട്ടും അദ്ദേഹം പരിപാടിയില്‍ പുറത്തിറക്കും. ക്ഷയരോഗ നിര്‍മാര്‍ജനത്തില്‍ പുരോഗതി കൈവരിച്ചതില്‍ തെരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, ജില്ലകള്‍ എന്നിവയ്‌ക്കും പ്രധാനമന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കും.

വാരാണസിയില്‍ 1780 കോടി രൂപയുടെ വികസന പദ്ധതികാളുമായാണ് പ്രധാനമന്ത്രി 24ന് എത്തുക. വാരാണസി കന്റോണ്‍മെന്റ് സ്റ്റേഷനില്‍നിന്ന് ഗോദൗലിയയിലേക്കുള്ള റോപ് വേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 645 കോടിരൂപയുടെ പദ്ധതിയാണ് ഇത്. അഞ്ചു സ്റ്റേഷനുകളുള്ള റോപ് വേ സംവിധാനത്തിന് 3.75 കിലോമീറ്റര്‍ നീളമുണ്ടാകും. വാരാണസിയിലെ വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും താമസക്കാര്‍ക്കും ഇത് സുഗമമായ സഞ്ചാരം സാധ്യമാക്കും.

നമാമി ഗംഗ പദ്ധതിപ്രകാരം ഭഗവാന്‍പുരില്‍ 300 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിക്കുന്ന 55 എംഎല്‍ഡി മലിനജല ശുദ്ധീകരണ പ്ലാന്റിനും, ഖേലോ ഇന്ത്യ പദ്ധതിപ്രകാരം, സിഗ്ര സ്റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കും, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മിക്കുന്ന സേവാപുരിയിലെ ഇസര്‍വാര്‍ ഗ്രാമത്തില്‍ എല്‍പിജി ബോട്ടിലിങ് പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിടും.

ജല്‍ ജീവന്‍ ദൗത്യത്തിനു കീഴില്‍, 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം പേര്‍ക്കു പ്രയോജനപ്പെടുന്ന 19 കുടിവെള്ള പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും. ഗ്രാമീണ കുടിവെള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ദൗത്യത്തിന് കീഴിലുള്ള 59 കുടിവെള്ള പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും. വരാണസിയിലെയും പരിസരങ്ങളിലെയും കര്‍ഷകര്‍ക്കും കയറ്റുമതിതൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും പഴങ്ങളുടെയും പച്ചക്കറികളുടെയും വര്‍ഗീകരണം, തരംതിരിക്കല്‍, സംസ്‌കരണം എന്നിവ കര്‍ഖിയാവില്‍ നിര്‍മിച്ച സംയോജിത പാര്‍ക്ക് ഹൗസ് എന്നിവ സാധ്യമാകും. ചടങ്ങില്‍ പ്രധാനമന്ത്രി ഈ പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

വാരാണസിയുടെയും പരിസര പ്രദേശങ്ങളുടെയും കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. രാജ്ഘട്ട്, മഹമൂര്‍ഗഞ്ജ് ഗവണ്മെന്റ് സ്‌കൂളുകളുടെ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍; നഗരത്തിലെ ആഭ്യന്തര റോഡുകളുടെ നവീകരണം; നഗരത്തിലെ 6 പാര്‍ക്കുകളുടെയും കുളങ്ങളുടെയും പുനര്‍വികസനം എന്നിവയും ഇവയില്‍ ഉള്‍പ്പെുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എടിസി ടവര്‍, ഭേലുപുരിലെ വാട്ടര്‍ വര്‍ക്സ് പരിസരത്ത് 2 മെഗാവാട്ട് സൗരോര്‍ജനിലയം, കോണിയ പമ്ബിങ് സ്റ്റേഷനില്‍ 800 കിലോവാട്ട് സൗരോര്‍ജനിലയം, സാരാനാഥില്‍ പുതിയ സാമൂഹികാരോഗ്യ കേന്ദ്രം, ചാന്ദ്പുരിലെ വ്യാവസായിക എസ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനം, കേദാരേശ്വര്‍, വിശ്വേശ്വര്‍, ഓംകാരേശ്വര്‍ ഖണ്ഡ് പരിക്രമ ക്ഷേത്രങ്ങളുടെ പുനരുജ്ജീവനം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനപദ്ധതികളും പ്രധാനമന്ത്രി സമര്‍പ്പിക്കും.

Related Articles

Back to top button