KeralaLatest

ഗുരുവിന്റെ മിഴിവാർന്ന രൂപം കാണാം കക്കോടിയിൽ; അണിയറയിൽ എണ്ണച്ഛായ ചിത്രം ഒരുങ്ങുന്നു

“Manju”
പ്രശസ്ത ചിത്രകാരൻ ജോസഫ് റോക്കി പാലക്കൽ ചിത്രത്തിന്റെ പണിപ്പുരയില്‍

ചിത്രമൊരുക്കുന്നത് ഗവർണ്ണർമാരെ പകർത്തിയ ചിത്രകാരൻ ജോസഫ് റോക്കി പാലക്കൽ

തിരുവനന്തപുരം: ഒരിക്കൽ പോലും താൻ നേരിട്ട് കണ്ടിട്ടില്ലാത്ത മഹാഗുരുവിന്റെ മിഴിവാർന്ന രൂപം അതേപടി ഒപ്പിയെടുത്ത് പ്രശസ്ത ചിത്രകാരൻ ജോസഫ് റോക്കി പാലക്കൽ.

തിരുവനന്തപുരത്ത് പേയാടുളള തന്റെ കലാസങ്കേതത്തിൽ ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ചിത്രമൊരുക്കുന്ന തിരക്കിലാണ് അദ്ദേഹം.നിരവധി പ്രമുഖരുടെ ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തിയ, ഗവർണ്ണർമാരുടെ ചിത്രകാരനെന്നറിയപ്പെടുന്ന ജോസഫ് റോക്കി പാലക്കൽ. 2023ഏപ്രിൽ 9 ന് കോഴിക്കോട് കക്കോടിയിൽ നാടിന് സമർപ്പിക്കപ്പെടുന്ന വിശ്വജ്ഞാനമന്ദിരത്തിൽ സ്ഥാപിക്കുന്നതിനാണ് ഗുരുവിന്റെ എണ്ണച്ഛായ ചിത്രം തയ്യാറാക്കുന്നത്. ഏഴരയടി നീളവും നാലയരയടി വീതിയുമുളള വലിയ ക്യാൻവാസിൽ കാഞ്ചനശോഭ തുളുമ്പുന്ന ഗുരുവിന്റെ ചേതോരൂപം ഇനി ഭക്തർക്ക് ദർശിക്കാനാകും. ഗുരുവിനെ അറിഞ്ഞവർക്കും അറിയാനുളളവർക്കും ഒരുപോലെ ഹൃദ്യമാകും ഈ എണ്ണച്ഛായാ ചിത്രം.

ഗുരുവിന്റെ ഉയരമാണ് ചിത്രത്തിലെ ഗുരുരൂപത്തിനും. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ സഹകരണമന്ദിരത്തിൽ സ്ഥാപിച്ചിട്ടുളളതിൽ നിന്നും വിഭിന്നമായി, ഗുരു നിൽക്കുന്ന രീതിയിലുളള ചിത്രമാണിത്.

ആകാശമണ്ഡലങ്ങളിലേക്ക് വിടർന്ന് നിൽക്കുന്ന താമരയിൽ വിളങ്ങുന്ന ഗുരുവിന്റെ പൂർണ്ണകായരൂപം ത്രിമാനതലത്തിലുളള കാഴ്ചാനുഭവം ഭകതർക്ക് നൽകും. വിശ്വജ്ഞാന മന്ദിരത്തിന്റെ ഏതു കോണിൽ നിന്ന് ഗുരുമുഖത്തേക്ക് നോക്കിയാലും ഗുരുവിന്റെ ദൃഷ്ടി നോക്കുന്നയാളിൽ പതിഞ്ഞതായി തോന്നും. ഈ പ്രത്യേകത തന്റെ കഴിവല്ലെന്നും ദൈവത്തിന്റെ കയ്യൊപ്പാണെന്നുമാണ് ചിത്രകാരന്റെ വെളിപ്പെടുത്തൽ.

നിറക്കൂട്ടുകളിൽ കറുപ്പ് നിറം ഒരിടത്തും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ഇതാദ്യമായാണ് ഒരു നിറത്തെ ഒഴിച്ചു നിർത്തിയൊരു ചിത്രം വിരിയുന്നതെന്ന് സാക്ഷ്യം. ഒരു മാസത്തിലേറേയായി ചിത്രത്തിൻ്റെ പണിപ്പുരയിലാണ്. രവിവർമ്മ ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുളള വിൻസർ & ന്യൂട്ടൺ ഓയിൽ കളറുകളും ബ്രിട്ടനിലെ സെവൻ സീരീസ് ബ്രഷുകളുമാണ് ഗുരുവിന്റെ ചിത്രത്തിന് നിറം പകരാൻ പാലക്കൽ ഉപയോഗിക്കുന്നത്.

ഓരോ ദിനവും ഗുരുവിന്റെ തേജോമയരൂപം തന്റെ മനസ്സിൽ കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നെന്നും ഈ ചിത്രം വരയ്ക്കാൻ ഭാഗ്യം ലഭിച്ചത് ഒരു ദൈവനിയോഗമാണെന്നും അദ്ധേഹം ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായുള്ള അടുപ്പമാണ് പാലക്കലിനെ ശാന്തിഗിരിയിൽ എത്തിച്ചത്. ആശ്രമത്തിലെത്തി ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ കണ്ടത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആത്മീയാനുഭവമാണെന്നും ഗുരുവിൻ്റെ ചിത്രം തന്റെ അകതാരിൽ ആദ്യം തെളിയിച്ചത് ശിഷ്യപൂജിതയാണെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനനായകനായ വിശുദ്ധ ചാവറ കുര്യാക്കോസ് അച്ഛന്റെ ഗുരുവും സി.എം.ഐ. സഭാസ്ഥാപകനുമായ ഫാദർ തോമസ് പാലക്കൽ മൽപ്പാന്റെയും, ആദ്യകാലപത്രങ്ങളിലൊന്നായ സത്യനാദത്തിന്റെ പത്രാധിപരായിരുന്ന പി.സി.വർക്കിയുടെയും വംശപരമ്പരയിലെ പിന്തുടർച്ചക്കാരനുമാണ് ചിത്രകാരനും ശില്പിയും എഴുത്തുകാരനുമായ ജോസഫ് റോക്കി പാലക്കൽ. പിതാവ് റോക്കി പാലക്കലായിരുന്നു ചിത്രകലയിൽ ആദ്യഗുരു. ഫാദർ പോൾ ചാഴൂർ, എം.പി. ദേവസ്സി മാസ്റ്റർ, നാരായണൻ മാസ്റ്റർ എന്നിവർ പിന്നീട് വഴികാട്ടികളായി.

സ്കൂൾ ഓഫ് ആർട്സിലെ ചിത്രകല ഡിപ്ലോമ നേടിയ ശേഷം തൃശൂരിലെ ഏതെങ്കിലുമൊരു സ്കൂളിൽ ചിത്രകല അധ്യാപകനാകുന്നതിനു പകരം മുഴുവൻ സമയ ചിത്രകാരനാകാനുള്ള സാഹസിക തിരുമാനമെടുത്തു പാലക്കൽ. ആ തീരുമാനം എണ്ണച്ഛായ ചിത്രങ്ങളിലെ വേറിട്ട മുഖമാക്കി അദ്ദേഹത്തെ മാറ്റി.

ഓയിൽ കളറും വാട്ടർ കളറുമാണ് ഇഷ്ടം. വരയിലെ നിഷ്കർഷത നിറങ്ങളിലുമുണ്ട്. ഉപയോഗിക്കുന്നത് ബ്രാൻഡഡ് കളറുകൾ മാത്രം. ഓരോ ചിത്രവും പൂർത്തിയാക്കാനെടുക്കുന്ന സമയം വര തുടങ്ങി മനസ്സിന് തൃപ്തിയാകുന്നതു വരെയാണ്. മാസങ്ങളും വർഷങ്ങളും കൊണ്ട് പൂർത്തിയാക്കിയ ഓയിൽ പെയിൻ്റിംഗുകളിൽ ആസ്വാദകർക്ക് സമാനതകളില്ലാത്ത എണ്ണച്ഛായചിത്ര കലാകാരന്റെ മിഴിവ് കാണാൻ സാധിക്കും.
രാഷ്ട്രപതി ഭവനിലും രാജ്ഭവനിലെ സ്വീകരണമുറികളിലും മന്ത്രിമന്ദിരങ്ങളിലും പാലക്കലിന്റെ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാലക്കലിനെ തേടി നിരവധി പ്രമുഖർ ഇതിനകം എത്തിയിട്ടുണ്ട്. ഒട്ടനവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

Related Articles

Back to top button