ജോയതി കപൂർ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു

പോത്തൻകോട് : യോഗിരാജ് ശ്യാംചരൺ മിഷൻ സ്ഥാപക വർക്കിംഗ് പ്രസിഡന്റ് ജോയതി കപൂർ ആശ്രമം സന്ദർശിച്ചു. മാർച്ച് 25 ഉച്ചയ്ക്ക് 1 മണിക്ക് ആശ്രമത്തിലെത്തിയ ജോയതി കപൂറിനെ സ്വാമി ജ്യോതിർപ്രഭ ജ്ഞാതപസ്വി, സ്വാമി സത്യവ്രതൻ ജ്ഞാനതപസ്വി എന്നിവർ ചേർന്ന് സ്വീകരിച്ചു. മിഷൻ ഭാരവാഹി കേയൂർ മജുംദാർ ഒപ്പമുണ്ടായിരുന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (ആർട്സ് & കൾച്ചർ) ഡോ.റ്റി.എസ്.സോമനാഥ നുമായും ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ രാജീവ് ദേവരാജുമായും അവർ ആശയ വിനിമയം നടത്തി. ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ സീനിയർ ഫെലോ ഡോ.കെ.ഗോപിനാഥൻ പിള്ളയുടെ ക്ഷണമനുസരിച്ചാണ് ജോയതി കപൂർ ആശ്രമം സന്ദർശിച്ചത്.
യോഗിരാജ് ശ്യാംചരൺ ലാഹിരി മഹാശയനെയും ക്രിയായോഗയുടെ ആത്മീയ ശാസ്ത്രത്തെയും കുറിച്ച് പ്രതിപാദിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി തിരുവന്തപുരത്ത് എത്തിച്ചേർന്നതായിരുന്നു അവർ. താജ് വിവാന്ത ഹോട്ടലിൽ മാർച്ച് 26ന് വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.