IndiaLatest

18 മരുന്നു നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

“Manju”

മരുന്നുകളുടെ ഗുണനിലവാരം കുറഞ്ഞതിന്റെ പേരില്‍ 18 ഫാര്‍മ കമ്പനികളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) 76 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. മരുന്നിന്റെ ഗുണനിലവാരം കുറഞ്ഞതിന് 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.

കഴിഞ്ഞ 15 ദിവസത്തോളമായി വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തി വരികയായിരുന്നു. മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിലായി ഡിജിസിഎ പരിശോധന നടത്തി. കേന്ദ്ര സംസ്ഥാന സംഘങ്ങള്‍ സംയുക്തമായാണു പരിശോധന നടത്തിയത്.

ഇന്ത്യന്‍ മരുന്നുകള്‍ കഴിച്ച്‌ വിവിധ രാജ്യങ്ങളില്‍ മരണവും ഗുരുതര രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു പരശോധന. കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് ലൈഫ്‌സയന്‍സ് എന്ന കമ്പനി 55,000 മരുന്നുകള്‍ യുഎസ് വിപണിയില്‍നിന്ന് തിരിച്ചു വിളിച്ചിരുന്നു. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.


കഴിഞ്ഞ വര്‍ഷം, ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സ്ഥാപനം നിര്‍മ്മിച്ച ചുമ സിറപ്പുകള്‍ ഗാംബിയയില്‍ നിരവധി കുട്ടികളുടെ മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗാംബിയയില്‍ 70 ഓളം കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ കമ്പനിയുടെ നാല് ചുമ സിറപ്പുകളെ കുറിച്ച്‌ ലോകാരോഗ്യ സംഘടന മുന്നറിയിപ്പും നല്‍കിയിരുന്നു.

Related Articles

Back to top button