IndiaLatest

ഗംഗാ എക്‌സ്‌പ്രസ്‌വേയ്ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഗംഗാ എക്‌സ്‌പ്രസ്‌വേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ(ഐ എ എഫ്) വിമാനങ്ങള്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നതിനും പറന്നുയരുന്നതിനും സഹായിക്കുന്ന 3.5 കിലോമീറ്റര്‍ നീളമുള്ള എയര്‍സ്ട്രിപ്പാണ് എക്‌സ്‌പ്രസ്‌വേയുടെ പ്രധാന സവിശേഷത. മീററ്റിലെ ബീജൗലി ഗ്രാമത്തിന് സമീപം മുതല്‍ പ്രയാഗ്‌രാജിലെ ജുദാപൂര്‍ ദണ്ഡു ഗ്രാമത്തിന് സമീപം വരെയാണ് അതിവേഗ പാതയുടെ നീളം. എക്‌സ്‌പ്രസ്‌വേയ്ക്കൊപ്പം ഒരു വ്യാവസായിക ഇടനാഴിയുടെ നി‌ര്‍മ്മാണവും ആലോചനയിലുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

594 കി.മീറ്റര്‍ നീളുന്ന ആറുവരി അതിവേഗ പാത മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിച്ച്‌ മീററ്റ്, ഹാപൂര്‍, ബുലന്ദ്‌ഷഹര്‍, അംരോഹ, സംഭാല്‍, ബദൗണ്‍, ഷാജഹാന്‍പൂര്‍, ഹ‌ര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗര്‍, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലൂടെ കടന്നുപോകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറ് കിഴക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന ഉത്തര്‍പ്രദേശിലെ ഏറ്റവും നീളം കൂടിയ എക്‌സ്‌പ്രസ്‌വേയായി ഗംഗാ എക്‌സ്‌പ്രസ്‌വേ മാറുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

2021 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച 340 കി.മീറ്റര്‍ നീളമുള്ള പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌വേയിലും ഐ എ എഫ് വിമാനങ്ങളുടെ അടിയന്തര ലാന്‍ഡിംഗിനായി മൂന്നര കിലോമീറ്റര്‍ നീളത്തില്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. ലക്നൗ- ആഗ്ര അതിവേഗ പാതയിലും എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. ഐ എ എഫിന്റെ മിറാഷ് 2000, സുഖോയ് 30 ഉള്‍പ്പടെയുള്ള യുദ്ധവിമാനങ്ങള്‍ ലക്നൗ- ആഗ്ര എക്‌സ്‌പ്രസ്‌വേയില്‍ ഇറങ്ങിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഇരുപത് ഹൈവേകളില്‍ ഭാവിയില്‍ എയര്‍സ്ട്രിപ്പുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര റോ‌ഡ് ഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി യുദ്ധമുണ്ടായാല്‍ എക്‌സ്പ്രസ്‌വേകളിലെ എയര്‍സ്ട്രിപ്പുകള്‍ സഹായകമാകും.

Related Articles

Back to top button