KeralaLatest

വൈപ്പിനും ഫോര്‍ട്ട് കൊച്ചിയും ബന്ധിപ്പിക്കാന്‍ സാധ്യത പഠനം

“Manju”

വൈപ്പിനും ഫോര്‍ട്ട് കൊച്ചിയും ബന്ധിപ്പിക്കാന്‍ ഭൂഗര്‍ഭപാതയോ എലിവേറ്റഡ് ഹൈവേയോ നിര്‍മിക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ നിര്‍ദേശം നല്‍കിയതായി പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതിക്ക് ആവശ്യമായ തുക കണക്കാക്കാനും നിര്‍ദേശമുണ്ട്. വൈപ്പിനിലൂടെയും കൊച്ചിയിലൂടെയും കടന്നുപോകുന്ന തീരദേശ ഹൈവേ കൊച്ചി അഴിമുഖത്ത് മുറിയുന്നത് ഒഴിവാക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ സംബന്ധിച്ച്‌ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ നിര്‍മിക്കുന്ന തീരദേശ ഹൈവേയുടെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത് എല്‍ ആന്‍ഡ് ടി എന്ന കണ്‍സല്‍ട്ടന്റാണ്. വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി ഭൂഗര്‍ഭപാത, എലിവേറ്റഡ് ഹൈവേ സാധ്യത പഠിക്കാന്‍ എല്‍ ആന്‍ഡ് ടിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. തീരദേശ ഹൈവേ വിശദ പദ്ധതി റിപ്പോര്‍ട്ടിന്റെ കരടുരേഖയിന്മേല്‍ കിഫ്ബിയില്‍ നടന്ന ചര്‍ച്ചയില്‍ വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി എന്നിവയെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചര്‍ച്ചയുണ്ടായി. തുടര്‍ന്നാണ് റോ റോ സര്‍വീസിനുപകരം പുതിയ സാധ്യത കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ ഹൈവേയുടെ അലൈന്‍മെന്റ് വൈപ്പിന്‍ ദ്വീപില്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

Related Articles

Back to top button