
ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് ഇന്ത്യയില്‍ 2.5 ബില്യണ്‍ ഡോളര്‍ (20,000 കോടി രൂപ) നിക്ഷേപിക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഇക്കോസിസ്റ്റം വികസിപ്പിക്കുക, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക, ഇവി ബാറ്ററി അസംബ്ലി യൂണിറ്റ് തുടങ്ങിയവയിലാണ് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിടുന്നത്. പത്ത് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക.
നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളുടെ വികാസമാണ് ഹ്യൂണ്ടായ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 1,78,000 യൂണിറ്റുകള്‍ക്കായുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റ് ഇവിടെ സ്ഥാപിക്കും. ഇതിനുപുറമെ, ദേശീയപാതകളിലെ പ്രധാന ഇടങ്ങളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപനം സ്ഥാപിക്കുകയും ചെയ്യും.
രാജ്യത്ത് ഹ്യൂണ്ടായ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ട് നിര്‍മ്മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടും തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കൊറിയയ്‌ക്ക് പുറത്ത്, ഹ്യുണ്ടായിയുടെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രമാണ് ഇന്ത്യ, പ്രതിവര്‍ഷം 7.75 ലക്ഷം കാറുകളാണ് നിലവില്‍ രാജ്യത്ത് ഉത്പാദിക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ ഇത് 8.5 ലക്ഷം വരെയായി നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കും. ഇന്ത്യയില്‍ നിന്ന് 88 രാജ്യങ്ങളിലേക്ക് ഹ്യൂണ്ടായ് കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.