InternationalLatest

ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാന്‍

“Manju”

2023-ലെ ഏഷ്യാ കപ്പിന്റെ ആതിഥേയാവകാശത്തെച്ചൊല്ലിയുള്ള ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചതിന് ശേഷം, ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന നിലപാടില്‍ പാകിസ്ഥാന്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തുന്നതിനെ കുറിച്ച്‌ പരാമര്‍ശം നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മേധാവി നജാം സേത്തി.

ഇന്ത്യ പാകിസ്ഥാനിലേക്ക് കളിക്കാന്‍ വരാന്‍ താത്പര്യപ്പെടുന്നില്ലെങ്കില്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരാന്‍ പാകിസ്ഥാനും താത്പര്യമില്ലെന്ന് നജാം സേത്തി പറഞ്ഞു. ഏഷ്യാ കപ്പിന് പുറമെ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയെക്കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് വരാന്‍ ഇന്ത്യ വിസമ്മതിക്കുകയും പരിപാടിയുടെ വേദി മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യാം, ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തുന്നില്ലെങ്കില്‍, ഞങ്ങള്‍ ഇന്ത്യയിലും പര്യടനം നടത്തില്ലെന്ന് എളുപ്പത്തില്‍ പറയാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോയില്ലെങ്കില്‍ 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നും പി.സി.ബി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ വെച്ച്‌ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യ വരില്ലെന്ന് അറിയിച്ചതോടെ മറ്റ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റുവാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button