KeralaLatest

പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം 25ന്

“Manju”

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാക്കും.
കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച്‌ ഇത്തവണയും തുടരും. താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.
മലബാറില്‍ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്‌ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. കഴിഞ്ഞ കൊല്ലത്തെപ്പോലെ സീറ്റ് വര്‍ധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും അത് പഠന നിലവാരത്തെ വലിയ തോതില്‍ ബാധിക്കുന്നുവെന്നുമാണ് അധ്യാപകരുടെ പരാതി.
ജൂലൈ അഞ്ചിന് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും. മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. ചിലപ്പോള്‍ താമസിച്ചാണ് പണം കൊടുക്കാന്‍ കഴിയാറുള്ളത്, മുന്‍പും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ കൊടുങ്കാറ്റ് പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയമൊന്നുമല്ല. എപ്പോള്‍ കൊടുക്കുമെന്ന് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button