InternationalLatest

കുടിയേറ്റ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ഓസ്ട്രേലിയയും

“Manju”

സിഡ്നി: സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് പുതിയ കുടിയേറ്റ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ഓസ്ട്രേലിയയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇരുരാജ്യങ്ങള്‍ക്കുമിടെ വിദ്യാര്‍ത്ഥികള്‍, അക്കാഡമിക് വിദഗ്ദ്ധര്‍, പ്രൊഫഷണലുകള്‍, ഗവേഷകര്‍, വ്യവസായികള്‍ തുടങ്ങിയവരുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതാണ് ഉടമ്പടി.  മനുഷ്യക്കടത്ത് തടയാനുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും ധാരണയിലെത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ടി – 20 ക്രിക്കറ്റ് പോലെയാണെന്ന് മോദി പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിലൂടെ ഇന്ത്യ – ഓസ്‌ട്രേലിയ ബന്ധം കൂടുതല്‍ ദൃഢമായെന്ന് ആല്‍ബനീസും പ്രതികരിച്ചു.
കുടിയേറ്റത്തിന് പുറമേ, വ്യാപാരം, വാണിജ്യം, സാങ്കേതിക വിദ്യ, ഖനനം, ഊര്‍ജ്ജം തുടങ്ങി പതിനൊന്ന് വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ക്ലീൻ എനര്‍ജി മേഖലയിലെ സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഗ്രീൻ ഹൈഡ്രജൻ ടാസ്ക് ഫോഴ്സിന് രൂപം നല്‍കാനും ധാരണയായി. ഇരുരാജ്യങ്ങളും മന്ത്രിതല ചര്‍ച്ചകളിലൂടെ ഇതില്‍ കൂടുതല്‍ തീരുമാനമെടുക്കും.
ബ്രിസ്ബെയ്‌നില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുറക്കും. നിലവില്‍ പെര്‍ത്ത്, മെല്‍ബണ്‍, സിഡ്നി എന്നീ നഗരങ്ങളിലാണ് ഇന്ത്യൻ കോണ്‍സുലേറ്റുള്ളത്. ബംഗളൂരുവില്‍ കോണ്‍സുലേറ്റ് തുറക്കുമെന്ന് ഓസ്ട്രേലിയയും അറിയിച്ചു.
ഓസ്ട്രേലിയൻ ഗവര്‍ണര്‍ – ജനറല്‍ ഡേവിഡ് ഹര്‍‌ലി, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ തുടങ്ങിയവരുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഓസ്ട്രേലിയയിലെത്തിയ മോദി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങി.
ഖലിസ്ഥാൻ വാദികള്‍ക്കെതിരെ നടപടി .
ഓസ്‌ട്രേലിയയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ഖലിസ്ഥാൻ ആക്രമണങ്ങളിലെ ആശങ്കയും ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്ന ആവശ്യവും മോദി ആല്‍ബനീസിനെ അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ള ഖലിസ്ഥാൻ വിഘടനവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ആല്‍ബനീസ് ഉറപ്പ് നല്‍കി.

Related Articles

Back to top button