
കൊളംബിയ : ആമസോൺ കാടുകളിൽ വിമാനം തകർന്ന് വീണ് കാണാതായ കുട്ടികളെ കണ്ടെത്തി. കൊളംബിയയിൽ തകർന്ന വിമാനത്തിൽ നിന്ന് കാണാതായ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള നാല് സഹോദരങ്ങളെയാണ് കണ്ടെത്തിയത്. കുട്ടികളുടെ ചിത്രം ഉൾപ്പെടെ വിവരങ്ങൾ പങ്ക് വച്ച് കൊളംബിയൻ പ്രസിഡന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മെയ് 1ന് ഉണ്ടായ വിമാന അപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും, ഒൻപതും, പതിമൂന്നും വയസ്സുള്ള സഹോദരങ്ങള്‍ കാട്ടിൽ അകപ്പെട്ടത്. തുടർന്നിങ്ങോട്ട് 40 ദിവസത്തെ അതിജീവനമാണ് ഈ കുരുന്നുകൾ കൊടും കാടിനകത്ത് നടത്തിയത്. വിമാനം തകർന്ന് കാണാതായ കുട്ടികൾ ജിവനോടെ ഇരിക്കുന്നതായി നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു.
കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളുമെല്ലാം കാട്ടിൽ തെരച്ചിലിനിറങ്ങിയ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. സൈന്യത്തിന്റെ അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോണ്‍ കാട് അരിച്ച് പെറുക്കിയിരുന്നു.
കൊളംബിയയുടെ സേനാ ഹെലികോപ്ടറുകളും വ്യോമസേനയും തെരച്ചിലില്‍ ഭാഗമായിരുന്നു.നിരവധി നായ്കളേയും തെരച്ചിലിനായി ഉപയോഗിച്ചു. ഒരു ഘട്ടത്തിൽ സൈന്യം പ്രദേശത്തെ ഗോത്രവർഗക്കാരുടെ സഹായം തേടിയിരുന്നു. കുറച്ചു ദിവസം മുൻപ് കുട്ടികളെ കണ്ടെത്തിയതായി കൊളമ്പിയൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും സ്ഥിരീകരിക്കാത്ത വാർത്തയായതിനാൽ അത് പിൻവലിക്കുകയായിരുന്നു.