
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീം എത്തി. ദുബായില്‍നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. 29ന് നടക്കുന്ന ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടുന്ന അഫ്ഗാനിസ്ഥാൻ ടീം ബുധൻ പുലര്‍ച്ചെയെത്തും. ഓസ്ട്രേലിയ, നെതര്‍ലൻഡ്സ് ടീമുകള്‍ വ്യാഴാഴ്ചയും ന്യൂസിലൻഡ് ശനിയാഴ്ചയും ഇന്ത്യ ഞായറാഴ്ചയും എത്തും.ചൊവ്വമുതല്‍ ദക്ഷിണാഫ്രിക്ക പരിശീലനം തുടങ്ങും. ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം, തുമ്ബ സെന്റ് സേവ്യേഴ്സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ടീമുകള്‍ക്ക് പരിശീലന സൗകര്യമൊരുക്കിയിരിക്കുന്നത്.
മുപ്പതിന് ഓസ്ട്രേലിയയും നെതര്‍ലൻഡ്സും ഒക്ടോബര്‍ രണ്ടിന് ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും മൂന്നിന് ഇന്ത്യയും നെതര്‍ലൻഡ്സും സന്നാഹമത്സരങ്ങള്‍ കളിക്കും. ലോകകപ്പിനുമുമ്ബ് ഇന്ത്യയുടെ അവസാന സന്നാഹമത്സരമാണ് തിരുവനന്തപുരത്തേത്. ഒക്ടോബര്‍ അഞ്ചുമുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ 10 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ ആദ്യകളി ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ്.