
ന്യൂഡല്‍ഹി: ഇന്ത്യൻ സൈനിക ഹെറിറ്റേജ് ഫെസ്റ്റിവല്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ മനേക്ഷാ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തിലെ സായുധ സേനയെ കുറിച്ച് യുവാക്കള്‍ അറിഞ്ഞിരിക്കണമെന്ന് ചടങ്ങില്‍ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്ക് സായുധ സേനയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയുണ്ടാകും. രാജ്യത്തിന്റെ സൈനിക ചരിത്രത്തെ കുറിച്ചും സായുധ സേനയുടെ പങ്കിനെ കുറിച്ച് യുവാക്കള്‍ അറിയണം. അവര്‍ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം.
ആഗോള ശക്തി, ജനാധിപത്യം എന്നിവയില്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് സാധിച്ചു. ഇത് എല്ലാ വികസ്വര രാജ്യങ്ങളുടെയും വികസനത്തിന് സഹായകമാണ്. സുരക്ഷ, സ്വാശ്രയത്വം, പ്രതിരോധം, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ശക്തി എന്നിവയിലും പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തിന്റെ സൈനിക ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങാനും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും പരിപാടി സഹായകരമാകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കല, നൃത്തം, നാടകം, എക്സിബിഷൻ എന്നിവ സംഘടിപ്പിക്കും. പരിപാടിയിലൂടെ ഭാരതത്തിന്റെ സൈനിക സംസ്കാരവും ചരിത്രവും യുവ ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. സായുധ സേനയിലെ പ്രഗത്ഭരായ പരിശീലകര്‍, സേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവരുടെ ചര്‍ച്ചകളും പരിപാടിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.