
പോത്തന്‍കോട് : സേവനവും ധ്യാനാത്മക ജീവിതവും ഒരുപോലെ കോര്‍ത്തിണക്കിക്കൊണ്ട് അനുനിമിഷം ഉത്തരവാദിത്ത്വത്തിന്റെ സന്തുലനം കണ്ടെത്താന്‍ സന്ന്യാസ ജീവിതത്തിന്കഴിയുമ്പോഴാണ് സന്ന്യാസ ജീവിതം അര്‍ത്ഥവത്താകുന്നതും പൂര്ണ്ണമാകുന്നതുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കാരുണ്യം തേടുന്നവരുടെ ലോകമാണ് ഇന്നുള്ളത്, കരുണതേടുന്നവരെ ആശ്ലേഷിക്കുവാനും ചേര്‍ത്തുനിര്‍ത്തുവാനുമുള്ള കരുത്ത് സന്ന്യസ്ഥര്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. കാരുണ്യപങ്കുവെയ്ക്കുന്ന മരുപ്പച്ചകളായി സന്ന്യാസാശ്രമങ്ങള്‍ മാറേണ്ടതുണ്ടെന്നും മന്ത്രിപറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് ഉച്ചയ്ക്ക് പുതുതായി സന്ന്യാസവും ദീക്ഷാ നാമവും സ്വീകരിച്ച 22 സന്ന്യാസിനിമാരെ അനുമോദിക്കുന്ന ചടങ്ങില്‍ സന്ന്യാസ ദീക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് :
സന്ന്യാസ ജീവിതത്തിന്റെ അടിസ്ഥാനം സമര്‍പ്പണമാണ്. അത് എല്ലാവര്ക്കും തിരഞ്ഞെടുക്കുവാന്‍ കഴിയുന്ന മാര്‍ഗ്ഗമല്ല. സന്ന്യാസി സമര്‍പ്പണത്തിന്റെ അഗ്നിജ്വാല ജ്വലിപ്പിക്കുന്നു. ആ അഗ്നിജ്വാല മറ്റുള്ളവരിലും ജ്വലിപ്പിച്ച് സമൂഹത്തെ പ്രകാശപൂര്‍ണ്ണമാക്കാന്‍ സന്ന്യസ ജീവിതം നയിക്കുന്നവര്‍ക്ക് കഴിയണം. ത്യാഗത്തിന്റെയും സമാധാനത്തിന്റെയും അഹിംസയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണ് സന്ന്യാസ ജീവിതം തന്നെ. അവിടെ വിദ്വേഷത്തിന്റെ ശബ്ദമില്ല, അശാന്തിയുടേയും അസമാധാനത്തിന്റെയും ഭാഷയില്ല. അതൊന്നുമല്ല സമൂഹംസന്ന്യാസി സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതും, ഇച്ഛാ ശക്തിയും സാമൂഹ്യപ്രതിബദ്ധതയും സന്ന്യാസ ജീവിതത്തിന്റെ അടിസ്ഥാന ശിലയാണ്. സേവനവും ധ്യാനാത്മക ജീവിതവും ഒരുപോലെ കോര്‍ത്തിണക്കിക്കൊണ്ട് അനുനിമിഷം ഉത്തരവാദിത്ത്വത്തിന്റെ സന്തുലനം കണ്ടെത്താന്‍ സന്ന്യാസ ജീവിതത്തിന്കഴിയുമ്പോഴാണ് സന്ന്യാസ ജീവിതം അര്‍ത്ഥവത്താകുന്നതും പൂര്‍ണ്ണമാകുന്നതും, നമുക്കറിയാം കാരുണ്യം തേടുന്നവരുടെ ലോകമാണ് ഇന്നുള്ളത്, കരുണതേടുന്നവരെ ആശ്ലേഷിക്കുവാനും ചേര്‍ത്തുനിര്‍ത്തുവാനുമുള്ള കരുത്ത് സന്ന്യസ്ഥര്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. കാരുണ്യപങ്കുവെയ്ക്കുന്ന മരുപ്പച്ചകളായി സന്ന്യാസാശ്രമങ്ങള്‍ മാറേണ്ടതുണ്ട്. സമൂഹത്തിന് ആത്മീയബലം നല്കുന്ന ഊര്‍ജ്ജ സ്രോതസ്സുകളാണ് സന്ന്യസ്ഥര്‍. ദൈവസ്നേഹത്തിന്റെ ഊഷ്മളതയും ലാളിത്യവുമാണ് സന്ന്യസ്ഥരില് നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. സ്നേഹത്തിന്റെ ഉറവയില്‍ നിന്നും സഹോദരസ്നോഹത്തിന്റെ ജീവധാര പ്രവഹിക്കുമ്പോഴാണ് സന്ന്യാസ ജീവിതം അര്‍ത്ഥവത്താകുന്നത്. പ്രിയപ്പെട്ട സഹോദരിമാര്‍, ജ്ഞാനതപസ്വികളായി മാറിയവര്‍ക്ക് ആശംസയര്‍പ്പിക്കുന്നു. സ്നേഹത്തിന്റെ പ്രവാചകരാകുവാന്‍ കാരുണ്യത്തിന്റെ സന്ദേശവാഹകരാകുവാന്‍ ഈ 22 സഹോദരിമാര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
രാവിലെ 10മണിക്കായിരുന്നു ദീക്ഷാ ചടങ്ങുകള്‍. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയില്‍ നിന്നും ദീക്ഷാ നാമവും വസ്ത്രവും സ്വീകരിച്ച 22 ബ്രഹ്മചാരിണികള്‍ ഗുരുസ്ഥാനീയയെയും ഗുരുവിനെയും നമസ്കരിച്ച് സമ്മേളനവേദിയില്‍ ഉപവിഷ്ടരായിരുന്നു. രക്ഷാകര്‍ത്താക്കളും, ഗുരുഭക്തവും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.