KeralaLatest

പേറ്റുനോവിനെക്കാള്‍ പോറ്റുനോവറിഞ്ഞൊരമ്മ; പ്രാര്‍ത്ഥനയുമായി അവധൂതയാത്ര

“Manju”

ചന്തിരൂര്‍ : പേറ്റുനോവിനെക്കാള്‍ പോറ്റുനോവറിഞ്ഞൊരമ്മയായിരുന്നു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ മാതാവ് കാര്‍ത്ത്യായനി അമ്മയെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി. ചന്ദിരൂരില്‍ നിന്നും ഇന്ന് രാവിലെ പുറപ്പെട്ട അവധൂതയാത്ര സംഘം ഗുരുവിന്റെ അമ്മ അവസാനനാളുകളില്‍ താമസിച്ച കാര്‍ത്ത്യായനി മന്ദിരത്തിലെത്തിയപ്പോള്‍ യാത്രികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. തന്റെ കുഞ്ഞിന് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ കഷ്ടപ്പെട്ട ആ അമ്മയുടെ ദര്‍ശനക്കാഴ്ചകളിലൂടെയാണ് ഗുരുവിന്റെ ജനനത്തിന്റെ മഹത്വം നമ്മളറിഞ്ഞത്. അമ്മയുടെ ദു:ഖം സ്വന്തം ദു:ഖമായി കണ്ട് കയര്‍ ഫാക്ടറിയില്‍ റാട്ട് കറക്കാന്‍ പോയ മകനാണ് ഗുരു.

ഗുരുവിന്റെ അനുജൻ ഭക്തരോട് സംസാരിക്കുന്നു

അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിക്കരുതെന്ന് അമ്മാവനോട് പറഞ്ഞെങ്കിലും ആ ബാലന്റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല. അമ്മയുടെ സങ്കടക്കടലില്‍ കൈത്താങ്ങായി എപ്പോഴും ഗുരുവുണ്ടായിരുന്നു. ആ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും ഗുരുവിനറിയാമായിരുന്നു. അമ്മയുടെ അവസാനകാലത്ത് താമസിക്കാനൊരിടമുണ്ടാക്കി കൊടുത്തത് അമ്മയുടെ ശാന്തിമോനാണ്. ഗുരു അമ്മയുടെ പേരില്‍ വാങ്ങിയ വസ്തുവിലാണ് കാര്‍ത്ത്യായനി മന്ദിരം പണികഴിപ്പിച്ചത്. രോഗശയ്യയിലായ അമ്മയെ അവസാനമായി കാണാന്‍ പോത്തന്‍കോട് നിന്നും ഗുരു എത്തിയതും ഈ വീട്ടിലാണ്. കുടുംബബന്ധത്തിന്റെ മഹിമയെ എന്നും ഗുരു ഉയര്‍ത്തിപ്പിടുക്കുന്നതിനു പിന്നില്‍ ദിവ്യമായ മാതൃസ്നേഹത്തിന്റെ കദനകഥയുണ്ടെന്നും ഇത് വരും തലമുറയ്ക്കുളള മറ്റൊരു പാഠമാണെന്നും സ്വാമി പറഞ്ഞു.

ഗുരുവിന്റെ അനുജന്‍ എന്‍.കെ അരവിന്ദനും കുടുംബാംഗങ്ങളും ചേര്‍ന്ന് അവധൂത യാത്രാസംഘത്തെ വരവേറ്റു. രവീന്ദ്രന്‍ പി.ജി ഗുരുവിന്റെ അമ്മയെക്കുറിച്ചും കാര്‍ത്ത്യായനി മന്ദിരത്തെക്കുറിച്ചും ആമുഖമായി സംസാരിച്ചു. അരവിന്ദന്‍,എന്‍.കെ അമ്മയുടെ അവസാന നാളുകളെക്കുറിച്ചും ഗുരു അമ്മയെ സന്ദര്‍ശിച്ചതിനെക്കുറിച്ചും പറഞ്ഞു. കണ്ണും മനസ്സും നിറഞ്ഞ് യാത്രാസംഘം എഴുപുന്നയിലേക്ക് തിരിച്ചു.

Related Articles

Back to top button