India

രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകൾ

“Manju”

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 11,717 പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കൊറോണ രോഗികളിൽ ബ്ലാക്ക് ഫംഗസ് വ്യാപകമായതിനെ തുടർന്ന് സംസ്ഥാനങ്ങൾ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു.

ഗുജറാത്തിൽ ഇതുവരെ 2859 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2770 പേരും ആന്ധ്രാപ്രദേശിൽ 768 പേരുമാണ് വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കേരളത്തിൽ 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിൽ 120 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 29,250 വിയലുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിരുന്നു. കൂടാതെ ആന്റിഫംഗൽ മരുന്നായ ആംഫൊടെറിസിൻ ബിയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ഫാർമ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി സദാനന്ദഗൗഡയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ കണക്കുകളും മന്ത്രി പങ്കുവെച്ചിരുന്നു.

അതിനിടെ കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു. മൂന്ന് വിവിധ ഭാഷാ തൊഴിലാളികൾ ഉൾപ്പെടെ 49 പേരാണ് ചികിത്സയിലുള്ളത്. ലക്ഷണങ്ങൾ അവഗണിക്കരുതെന്നും ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Back to top button