IndiaLatest

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്

“Manju”

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു.

തമിഴ്നാട് 10, മഹാരാഷ്ട്ര 10, കര്‍ണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം പിടിപെട്ടു. എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂര്‍ ഏഴ്, തൃശ്ശൂര്‍ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസര്‍കോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്
പത്ത് പേര്‍ക്കാണ് ഫലം നെഗറ്റീവായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂര്‍ മലപ്പുറം കാസര്‍കോട് ഒന്ന് വീതം.

കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി ഇന്ന് മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. 1150 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേര്‍ ചികിത്സയില്‍. നിരീക്ഷണത്തിലുള്ള 124163 പേര്‍. 1080 പേര്‍ ആശുപത്രികളില്‍.
ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 10635 നെഗറ്റീവാണ്. 101 ഹോട്ട്സ്പോട്ടുകളുണ്ട്. ഇന്ന് 22 ഹോട്ട്സ്പോട്ടുകള്‍ പുതിയത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്പെഷല്‍ സബ് ജയിലുകളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സബ്ജയിലിലും നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നിടത്തെയും ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ തടവുകാരെ പ്രവേശിപ്പിച്ച്‌ നിരീക്ഷിക്കാന്‍ ജില്ലകളില്‍ ഓരോ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തു.
രോഗം വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ വല്ലാതെ ആശങ്കയുണ്ടാകേണ്ട. ലോക്ക്ഡൗണില്‍ ഇളവ് വരുമ്പോള്‍ ഇത് പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്. പ്രതിരോധത്തിന് മാത്രമായി ഇതുവരെ 620.71 കോടി ലഭ്യമാക്കി. അതില്‍ 227.35 കോടി ചെലവിട്ടു.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജം. 1080 പേരാണ് ഉള്ളത്. 1296 ആശുപത്രികളില്‍ 49602 കിടക്കകളും തയ്യാറാണ്. 1045 വെന്റിലേറ്ററുകളും ഉണ്ട്.

സ്വകാര്യ മേഖലയിലെ 866 ആശുപത്രികളില്‍ 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1588 വെന്റിലേറ്ററും ഉണ്ട്. 851 കൊവിഡ് കെയര്‍ സെന്ററുകളുണ്ട്. ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാള്‍ക്ക് മാത്രമാണ്.
പ്രധാന ശ്രദ്ധ രോഗം പടരാതിരിക്കാനാണ്. അത് കണ്ടെത്താനാണ് നാം ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഐസിഎംആര്‍ നിഷ്കര്‍ഷിച്ച വിധത്തില്‍ എല്ലാവരെയും പരിശോധിക്കുന്നു. ഇതിന് കൃത്യമായ പദ്ധതി തയ്യാറാക്കി. 100 ടെസ്റ്റില്‍ 1.7 ആളുകള്‍ക്കാണ് പോസിറ്റീവാകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ശതമാനമാണ്. രാജ്യത്തിന്‍റേത് അഞ്ച് ശതമാനമാണ്.

കൊറിയയിലേത് പോലെ രണ്ട് ശതമാനത്തില്‍ താഴെയാകാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. സംസ്ഥാനത്തെ സിഎഫ്‌ആര്‍ 0.5 ശതമാനമാണ്. ഇതും ടിപിആറും ഉയര്‍ന്നതാവുന്നതിന്റെ അര്‍ത്ഥം ആവശ്യത്തിന് പരിശോധനയില്ലെന്നാണ്. ഇവിടെ നേര്‍വിപരീതമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം കാര്യക്ഷമമായ കോണ്ടാക്‌ട് ഫ്രേസിങും നേട്ടത്തിന് ആധാരം. എല്ലായിനത്തിലുമായി ഇതുവരെ 80091 ടെസ്റ്റുകള്‍ നടത്തി.

പത്ത് ലക്ഷത്തില്‍ 2335 എന്നതാണ് നമ്മുടെ കണക്ക്. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുമ്പോള്‍ ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നു. രാജ്യത്ത് 23 ന് ഒന്നാണ് തോത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിന്റെ ടെസ്റ്റിന്റെ തോത്. 133249 പ്രവാസി മലയാളികള്‍ ഇതുവരെ തിരിച്ചെത്തി. ഇതില്‍ 73421 പേര്‍ റെഡ് സോണുകളില്‍ നിന്ന്.

സംസ്ഥാനങ്ങളില്‍ നിന്ന് 116775 പേരും വിദേശത്ത് നിന്നുള്ള 16474 പേരുമാണ് തിരിച്ചെത്തിയത്. കൊവിഡ് ആദ്യ കേസ് വന്ന് നൂറ് ദിവസം പിന്നിട്ടപ്പോള്‍ നാം കൊവിഡ് കര്‍വ് ഫ്ലാറ്റണ്‍ ചെയ്തു. അന്ന് 16 കേസായിരുന്നു. ഇന്നത് 577 ആണ്. ഇന്നലെ 84 കേസുണ്ടായതില്‍ സമ്പര്‍ക്കത്തിലൂടെ വന്നത് അഞ്ച് പേര്‍ക്കാണ്. ഈയാഴ്ചത്തെ കണക്കെടുത്താല്‍ ഞായറാഴ്ച 53 കേസില്‍ അഞ്ചായിരുന്നു സമ്പര്‍ക്കം 49 ല്‍ ആറ്, 67 ല്‍ ഏഴ്, 40 ല്‍ മൂന്ന് എന്നിങ്ങനെയാണ് പിന്നീടുള്ള ദിവസങ്ങളിലെ കണക്ക്. ഈയാഴ്ച 355 ല്‍ 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മെയ് 10 മുതല്‍ 27 വരെ 289 പുതിയ കേസില്‍ 38 പേര്‍ക്ക് സമ്പര്‍ക്കം. മെയ് പത്ത് മുതല്‍ ആകെ 644 കേസില്‍ 65 ആണ് സമ്പര്‍ക്കം. 10.09 ശതമാനം. 577 ആക്ടീവ് കേസില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 47 പേര്‍ക്ക്.

മുന്‍ഗണനാ വിഭാഗത്തിന് ഓഡ്മെന്റഡ് ടെസ്റ്റ് നടത്തി. ഏപ്രില്‍ 26 ന് 3128 സാമ്പിളുകള്‍ പരിശോധിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഭക്ഷണ വിതരണത്തിന് പ്രവര്‍ത്തിക്കുന്നവരും സമൂഹ അടുക്കള ജീവനക്കാര്‍, പൊലീസ്, അങ്കണ്‍വാടി ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, റേഷന്‍ കട ജീവനക്കാര്‍, പഴം പച്ചക്കറി കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ഇടത്താവളങ്ങളിലെ കച്ചവടക്കാര്‍, അതിഥി തൊഴിലാളികള്‍, രോഗലക്ഷണം ഇല്ലാത്ത പ്രവാസികള്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

നാല് പേര്‍ക്കാണ് സെന്റിനല്‍ സര്‍വെയ്ലന്‍സില്‍ രോഗം കണ്ടെത്തി. ഓഗ്മെന്റഡ് പരിശോധനയില്‍ നാല് പേര്‍ക്കും തിരിച്ചെത്തിയ പ്രവാസികളില്‍ 29 പേര്‍ക്ക് പൂള്‍ഡ് പരിശോധനയില്‍ ഫലം പോസിറ്റീവായി. സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ല.

കേരളത്തില്‍ 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റു. രോഗി പരിചരണത്തില്‍ ഏര്‍പ്പെട്ടവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും ഉണ്ട്. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനവും മാര്‍ഗനിര്‍ദ്ദേശങ്ങളിലെ കൃത്യതയും രോഗ്യസംവിധാനത്തിലെ പ്രവര്‍ത്തന മികവുമാണ് രോഗലക്ഷണം ഇല്ലാത്ത രോഗികളെ കണ്ടെത്താനടക്കം സഹായിച്ചത്. സമ്പര്‍ക്ക രോഗ വ്യാപനം വര്‍ധിച്ചാല്‍ നിയന്ത്രണങ്ങള്‍ മതിയാകാതെ വരും.

കണ്ണൂരില്‍ സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതല്‍ രോഗം. സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് 10 ശതമാനം പേര്‍ക്കാണെങ്കില്‍ കണ്ണൂരില്‍ 20 ശതമാനമാണ് രോഗബാധ. 93 ആക്ടീവ് കേസില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നത്. കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടി വരും. ചിലത് രോഗവ്യാപന സ്ഥലങ്ങളാണ്. അതിനനുസരിച്ച്‌ നിയന്ത്രണം ഉണ്ടാകും. രോഗ വ്യാപനം അധികമായി വരുന്ന സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം ആലോചിക്കും.

കേരളത്തില്‍ 2019 ജനുവരി ഒന്ന് മുതല്‍ മെയ് 15 വരെ 93717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 73155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനര്‍ത്ഥം മരണസംഖ്യയില്‍ കുറവുണ്ടായി. ഈ ജനുവരി അവസാനം കൊവിഡ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക വ്യാപനം ഉണ്ടെങ്കില്‍ ഇതാവില്ല സ്ഥിതി. ജനുവരി മുതല്‍ ഇതുവരെ പനി, ശ്വാസകോശ അണുബാധ ഐസിയു രോഗികളുടെ എണ്ണം താരതമ്യം ചെയ്തു. മെഡിക്കല്‍ ബോര്‍ഡ് ശാസ്ത്രീയ വിശകലനം നടത്തി. 2018 നെ അപേക്ഷിച്ച്‌ പനി ബാധിതരുടെ എണ്ണം കുറഞ്ഞു. ന്യൂമോണി, ശ്വാസതടസം എന്നിവയും കുറഞ്ഞു.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് പ്രാധാന്യം കൂടുതലാണ്. ഡങ്കി, എലിപ്പനി, എച്ച്‌ വണ്‍ എന്‍ വണ്‍ എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഡങ്കിപ്പനി ഈഡിസ് വിഭാഗത്തിലെ കൊതുകുകളാണ് പരത്തുക. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുകുകള്‍ പടരുക.

ഇടയ്ക്കിടെ വീട്ടിലും പരിസരത്തും ഡ്രൈ ഡേ ആചരിക്കണം. ടെറസ്, പൂച്ചെട്ടി, ടയറുകള്‍, കുപ്പികള്‍ തുടങ്ങിയവയിലെ വെള്ളം നീക്കണം. റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ കമിഴ്ത്തി വെക്കണം. വാതിലുകളും ജനലുകളും വൈകുന്നേരം നാല് മണി മുതല്‍ ഏഴ് വരെ ഇത് ചെയ്യണം. വീട്ടില്‍ കഴിയുന്നവര്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം. ശരീരം കവര്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കണം. കൊതുകുവല ഉപയോഗിക്കണം. ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും നടത്തുന്ന ഫോഗിങ് പ്രത്യേകിച്ച്‌ രോഗം കണ്ടെത്തുന്നവരുടെ വീട്ടില്‍ നടത്തണം.

കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകള്‍, പന്നി ഫാമുകളെല്ലാം വൃത്തിയായി സൂക്ഷിക്കണം. പരിപാലിക്കുന്നവര്‍ ഗണ്‍ ബൂട്ടുകളും കൈയ്യുറയും ധരിക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാലുടന്‍ വയലില്‍ മേയാന്‍ വിടരുത്. തെരുവുനായകളെ അലഞ്ഞുതിരിയാന്‍ അനുവദിക്കരുത്.പനി പ്രധാന ലക്ഷണമായ രോഗങ്ങളുടെ പട്ടികയില്‍ കൊവിഡും ഉള്‍പ്പെടുത്തും. ഫീവര്‍ പ്രോട്ടോക്കോള്‍ പുതുക്കും. പനിബാധിതരെ ആശുപത്രിയില്‍ പ്രത്യേകം ഇരുത്തും. പ്രവേശന കവാടത്തില്‍ വേര്‍തിരിക്കും. സുരക്ഷാ സംവിധാനമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നു. നിരീക്ഷണത്തിലുള്ളവര്‍ കറങ്ങിനടക്കുന്നു. രണ്ടും തടയാന്‍ നിര്‍ദ്ദേശം നല്‍കും.

Related Articles

Back to top button