KeralaLatestMalappuram

ആ ഏക ആണ്‍തരി ഇതൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍…!

“Manju”

കാസര്‍കോട്: കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച 21 കാരന്റെ മാതാപിതാക്കളുടെ നൊമ്പരങ്ങള്‍ പങ്കുവെച്ചുള്ള ഇന്‍ക്വസ്റ്റ് നടത്തിയ എസ് ഐയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കാസര്‍കോട് സ്റ്റേഷനിലെ സുമേഷ് രാജ് ആണ് എഴുതിയിരിക്കുന്നത്.

ഇങ്ങനെയാണ് കുറിപ്പ്: ഞാന്‍ ഇന്ന് എന്റെ ഒരു അനുഭവം പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന് രാവിലെ എനിക്ക് ഒരു ഇന്‍ക്വസ്റ്റ് ഡ്യൂടി ഉണ്ടായിരുന്നു. ഒരു ബൈക് ആക്സിഡന്റില്‍ മരണപ്പെട്ട 21കാരന്റെ ബോഡിയായിരുന്നു. ഉപ്പയും ഉമ്മയും ഒരേയൊരു മകനും അടങ്ങിയ കുടുംബത്തിലെ പയ്യന്‍. രണ്ട് പെണ്‍മക്കളുടെ കല്യാണം കഴിഞ്ഞു. ഉപ്പ ഓട്ടോ ഡ്രൈവറാണ്. എനിക്ക് നല്ല പരിചയം ഉള്ള ആളാണ്. ഉമ്മ വീട്ടുജോലികള്‍ ചെയ്യുന്നു. ഉപ്പക്ക് ജോലി ചെയ്യാന്‍ വയ്യാതായി എങ്കിലും മകന് ഒരു വരുമാനം കിട്ടുന്നതു വരെ പണിയെടുക്കുന്നു.

ലോക് ഡൗണ്‍ ആയതിനാല്‍ മകന്‍ വീട്ടില്‍ത്തന്നെ ആയിരുന്നു. വൈകീട്ട് ഉപ്പ സ്നേഹത്തോടെ വാങ്ങി നല്‍കിയ സ്കൂട്ടര്‍ എടുത്ത് പോകാനിറങ്ങിയ മകനെ ഉമ്മ വിളിച്ച്‌ പറഞ്ഞു, ചായ കുടിച്ച്‌ പോകാമെന്ന്. ഇപ്പോ വരാമെന്ന് പറഞ്ഞ് പോയ മകന്‍ വിദ്യാനഗര്‍ വച്ച്‌ ബൈക് ആക്സിഡന്റില്‍പെട്ട് മരണപ്പെട്ടു. തലയടിച്ച് വീണാണ് മരണപ്പെട്ടത്.

മാതാപിതാക്കളുടെ പ്രതീക്ഷയില്‍ വളര്‍ന്ന അവന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഏകമകന്‍ നഷ്ടപ്പെട്ട ഉപ്പയെ സമാധാനിപ്പിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു. ഏറെ സങ്കടം വന്ന ദിനമായിരുന്നു ഇന്ന്. മക്കളെ ഏറെ സ്നേഹിക്കുന്ന മാതാപിതാക്കള്‍ തീര്‍ചയായും മക്കളോട് ഹെല്‍മറ്റ് ധരിക്കാന്‍ പറയണം’. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

യുവതലമുറയടക്കം ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണമെന്ന് സുമേഷ് രാജ് ‍ പറഞ്ഞു. തലയ്ക്കും മസ്തിഷ്‌കത്തിനും ഏല്‍ക്കുന്ന പരിക്കുമൂലമാണ് ഇരുചക്രവാഹനാപകടങ്ങളില്‍ പെടുന്ന ബഹുഭൂരിപക്ഷം പേരും മരണമടയുന്നത്. ഇതിന് ഒരു പരിധി വരെ തടയിടാന്‍ സഹായിക്കുന്നത് ഹെല്‍മെറ്റുകളാണ്. അതിന്റെ പ്രാധാന്യമാണ് വിദ്യനഗറില്‍ ഉണ്ടായ അപകടം മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button