IndiaLatest

ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു

“Manju”

ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്.) വാഹനാപകടവുമായി ബന്ധപ്പെട്ട വകുപ്പ് പിന്‍വലിക്കാനാവശ്യപ്പെട്ട് രണ്ടുദിവസമായി ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിവന്ന രാജ്യവ്യാപകസമരം പിൻവലിച്ചു. ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാക്കളുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിയ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും സംഘടനയുമായി കൂടിയാലോചിച്ച ശേഷമേ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് നടപ്പാക്കൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.

വാഹനാപകടത്തില്‍ മരണം സംഭവിക്കുകയും ഇതറിയിക്കാതെ രക്ഷപ്പെടുകയും ചെയ്താല്‍ ഡ്രൈവര്‍ക്ക് പത്തുവര്‍ഷംവരെ തടവുശിക്ഷ നല്‍കുന്ന നിയമ പരിഷ്കാരത്തിനെതിരേയായിരുന്നു സമരം. പ്രതിഷേധം രണ്ടാംദിവസത്തേക്ക് കടന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചരക്കുനീക്കം സ്തംഭിച്ചിരുന്നു. അവശ്യവസ്തുക്കളടങ്ങിയ ട്രക്കുകളില്‍ വഴിയില്‍ കെട്ടിക്കിടന്നു. ലോറി ഡ്രൈവര്‍മാര്‍ക്കൊപ്പം സ്വകാര്യബസുകളും സമരത്തിന്റെ ഭാഗമായി.
പലസംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രാദേശികമായ ചര്‍ച്ചകളെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ ചൊവ്വാഴ്ച പകല്‍തന്നെ സമരം പിന്‍വലിച്ചിരുന്നു. രാജ്യത്തെമ്പാടുമായി 90 ശതമാനത്തിലേറെ ട്രക്കുകളും പണിമുടക്കിന്റെ ഭാഗമായെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ധന ടാങ്കറുകളും പണിമുടക്കിയതിനാല്‍ പല ഭാഗങ്ങളിലും ചൊവ്വാഴ്ച പെട്രോള്‍, ഡീസല്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഇതു കാര്യമായി ബാധിച്ചു. ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ പമ്പുകളില്‍ വലിയ തിരക്കുണ്ടായി. രണ്ടായിരത്തോളം പെട്രോള്‍ പമ്പുകള്‍ കാലിയായി. ഹൈദരാബാദില്‍ ചിലയിടങ്ങളിലൊഴിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ലോറിസമരം ഇന്ധനവിതരണത്തെ ചൊവ്വാഴ്ച ബാധിച്ചില്ല. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. രാജസ്ഥാനില്‍ പോലീസിനുനേരേ അക്രമസംഭവങ്ങളുമുണ്ടായി.

Related Articles

Back to top button