InternationalLatest

ഓസ്ട്രേലിയൻ പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യൻ വംശജൻ

“Manju”

കാൻബെറ: വൈവിധ്യമായ ഭാരതീയ സംസ്കാരത്തെ മാറോടണച്ച്‌ ഇന്ത്യൻ വംശജൻ ബാരിസ്റ്റർ വരുണ്‍ ഘോഷ്. ഓസ്ട്രേലിയൻ പാർലമെന്റില്‍ ഭഗവദ് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് അദ്ദേഹം. പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും മുറുകെ പിടിക്കുന്നതില്‍ വരുണ്‍ ഘോഷിന്റെ പ്രതിബദ്ധത ലോകമെമ്പാടും ആഘോഷമാക്കുകയാണ്.

ഓസ്ട്രേലിയയുടെ ചരിത്രത്തില്‍‌ ഭഗവദ് ഗീതയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വ്യക്തിയാണ് വരുണ്‍ ഘോഷ്. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പുതിയ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ഭഗവദ് ഗീത തൊട്ട് സത്യവാചകം ചൊല്ലിയത്. ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ നിന്നും ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് പുതിയ നിയമനം.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അല്‍ബെനീസ് ഘോഷിന് ആശംസകള്‍ നേർന്നു. ഘോഷിന്റെ വൈദഗ്ധ്യം തെളിയിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. താങ്കളെ പോലുള്ള ഒരാളെ തങ്ങളുടെ സംഘത്തിന് ലഭിച്ചത് ഭാഗ്യമാണെന്നും ഉത്തമമായ തിരഞ്ഞെടുപ്പാണ് ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗും ഘോഷിനെ സ്വാഗതം ചെയ്തു. ഭഗവദ് ഗീതയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഓസ്ട്രേലിയൻ സെനറ്ററാണ് ഘോഷ്, എന്നാല്‍ ഇതൊരു അവസാനം ആകരുതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷാല്‍ ഭഗവദ് ഗീതയുടെ ചൈതന്യം ഭരണകാര്യങ്ങളിലും ഉണ്ടാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1985-ല്‍ ഇന്ത്യയില്‍ ജനിച്ച വരുണ്‍ ഘോഷ് തന്റെ 17-ാം വയസിലാണ് ഓസ്ട്രേലിയൻ മണ്ണിലേക്ക് ചേക്കേറുന്നത്. 1997-ല്‍ പെർത്തിലേക്ക് താമസം മാറുകയും ക്രൈസ്റ്റ് ചർച്ച്‌ ഗ്രാമർ സ്കൂളില്‍ ചേരുകയും ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ നിന്ന് ആർ‌ട്സിലും നിയമത്തിലും ബിരുദം. തുടർന്ന് കേംബ്രിഡ്ജ് സർവ്വകലാശാലയില്‍ നിയമപഠനം. ന്യൂയോർക്കില്‍ ഫിനാൻസ് അറ്റോർണിയായും വാഷിംഗ്ടണ്ണില്‍ ലോകബാങ്കിന്റെ കണ്‍സള്‍ട്ടൻ്റായും വരുണ്‍ ഘോഷ് പ്രവർത്തിച്ചിട്ടുണ്ട്. പെർത്തില്‍ ഓസ്‌ട്രേലിയയിലെ ലേബർ പാർട്ടിയില്‍ ചേർന്നതോടെയാണ് വരുണ്‍ ഘോഷിന്റെ രാഷ്‌ട്രീയ യാത്ര ആരംഭിക്കുന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും അന്താരാഷ്‌ട്ര തലത്തിലും ലോകബാങ്കുമായി നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായും ഘോഷ് പ്രവർത്തിച്ചിരുന്നു.

നിയമത്തിലുള്ള പാണ്ഡിത്യവും അഭിഭാഷകവൃത്തിയും അദ്ദേഹം പൊതുജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. ഇതോടെ അദ്ദേഹം ജനപ്രിയ നേതാവായി മാറി. 2019-ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍‌ പടിഞ്ഞാറൻ ഓസ്ട്രേലിയയില്‍ നിന്ന് ലേബർ പാർട്ടിയുടെ സെനറ്റ് അംഗമായി മത്സരിച്ചിരുന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് ശേഷമാണ് അദ്ദേഹം അന്താരാഷ്‌ട്ര തലങ്ങളില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന സ്ഥാനങ്ങള്‍ വഹിച്ചത്.

Related Articles

Back to top button