ഉഷയും തിരക്കിലാണ് …മന്ത്രിയായ ഭർത്താവിനെപോലെ …

മന്ത്രിക്കൊപ്പം പത്നിയും തിരക്കിലാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ….
ചേർത്തല : മന്ത്രിപത്നി എന്ന ഒരു ഭാവവും ഇല്ലാതെ കോവിഡ്-19 നെതിരെ വീടുവീടാന്തരം കയറിയിറങ്ങി ഉള്ള ബോധവൽക്കരണത്തിൽ ആണ് നഴ്സായ ഉഷാ തിലോത്തമൻ. നാടിന്റെ വിശപ്പടക്കാൻ മന്ത്രിയായ ഭർത്താവ് പി തിലോത്തമൻ പ്രവർത്തിക്കുമ്പോൾ നാടിന് രോഗം വരാതെ നോക്കാൻ ഭാര്യയും രംഗത്തുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആണ് ഉഷ. 11,16 വാർഡുകളുടെ ചുമതലയാണ് ഉള്ളത്. ദിവസവും 25 വീട് എങ്കിലും കയറിയിറങ്ങിയുള്ള ബോധവൽക്കരണവും ആരോഗ്യസംബന്ധമായ അന്വേഷണവും മാതൃ ശിശുസംരക്ഷണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി തിരക്കിലാണ് ഉഷ. 1999ലാണ് സർവീസിൽ കയറിയത്.
മറ്റുജില്ലകളിൽ ആയിരുന്നു ആദ്യം ജോലി. അഞ്ചു വർഷമായി മാരാരിക്കുളത്ത് സേവനമനുഷ്ഠിക്കുന്നു. മക്കൾ അമൃത എറണാകുളത്ത് ഡി ഫാം വിദ്യാർഥിനിയാണ്. ബികോം പൂർത്തിയാക്കിയ മകൻ അർജുൻ സമൂഹ അടുക്കളയുടെ തിരക്കിലുമായി പ്രവർത്തനത്തിലാണ്.