Kerala

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം : മിൽമ കാലിത്തീറ്റ കൃത്യമായി ക്ഷീര സംഘങ്ങൾ വഴി കർഷകർക്ക് ലഭ്യമാക്കുമെന്ന് മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ വ്യക്തമാക്കി. കാലിത്തീറ്റ നിർമാണത്തിനാവശ്യമായ പരിത്തിപ്പിണ്ണാക്ക്, തവിട്, ചോളം, തേങ്ങാപ്പിണ്ണാക്ക് തുടങ്ങിയ എല്ലാ അസംസ്‌കൃത വസ്തുക്കളും അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് വാങ്ങുന്നത്. ലോക് ഡൗൺ മൂലം ലോറി ഗതാഗതം തടസപ്പെട്ടതിനാൽ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുന്നതിന് താമസം നേരിട്ടു. അതുകൊണ്ട് മിൽമയുടെ പട്ടണക്കാട്ടും, മലമ്പുഴയിലുമുള്ള രണ്ട് കാലിത്തീറ്റ ഫാക്റ്ററികളിലും ഉത്പാദനം പരിമിതപ്പെടുത്തേണ്ടി വന്നതിനാൽ  ക്ഷീര സംഘങ്ങൾ വഴികാലിത്തീറ്റ എത്തിക്കുന്നതിന് താമസം നേരിട്ടു. ഇപ്പോൾ അസംസ്‌കൃത വസ്തുക്കൾ ആവശ്യത്തിന് ലഭ്യമായതിനാൽ പട്ടണക്കാട്ട് കാലിത്തീറ്റ ഫാക്ടറിയിൽ മൂന്ന് ഷിഫ്റ്റിൽ പ്രതിദിനം 300 ടൺ കാലിത്തീറ്റ ഉൽപാദനം തുടങ്ങി. മലമ്പുഴയിലും അടുത്ത ദിവസം മുതൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്നതോടെ 600 ടൺ മിൽമ കാലിത്തീറ്റ ഉൽപാദിക്കുവാൻ സാധിക്കും.

ഓൺലൈൻ വഴിയോ, ബാങ്ക് വഴിയോ മുൻകൂട്ടി പൈസ അടക്കുന്നവർക്കും, മേഖലാ യൂണിയൻ വഴി ആവശ്യപ്പെടുന്നവർക്കും ഉടനെ  മിൽമ കാലിത്തീറ്റ ക്ഷീര സംഘങ്ങളിൽ എത്തിക്കും. അഡ്വാൻസായി പണം അടക്കുന്ന സംഘങ്ങൾക്ക് ഒരു ചാക്ക് കാലിത്തീറ്റ 10 രൂപ വീതം അധിക കമ്മീഷൻ നൽകും.

ലോക് ഡൗൺ മൂലം എല്ലാ മേഖലകളിലും പ്രവർത്തനം തടസ്സപ്പെടുകയും ഉൽപാദനം തടസ്സപ്പെടുകയും ചെയ്തപ്പോഴും ക്ഷീര മേഖലയിൽ മാത്രമാണ് ഇപ്പോൾ ക്ഷീര കർഷകർ ഉൽപാദിക്കുന്ന പാൽ മുഴുവൻ ക്ഷീര സംഘങ്ങൾ വഴി മിൽമ സംഭരിക്കുകയും കൃത്യമായ പാൽ വില നൽകുകയും ചെയുന്നത്. അതുപോലെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് മിൽമയുടെ ഏജന്റ്റ്മാർ വഴി കൃത്യമായി പാൽ എത്തിച്ചു കൊടുക്കുന്നു. കൊറോണ വൈറസ് ഭീതിയെപ്പോലും അവഗണിച്ചുകൊണ്ട് എല്ലാവിധ സുരക്ഷാ മുൻകരുതലുമെടുത്ത് ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ക്ഷീരസംഘം ജീവനക്കാർ, ക്ഷീര കർഷകർ, മിൽമയിലെയും, മേഖലാ യൂണിയനിലെയും മുഴുവൻ ജീവനക്കാർ,  മിൽമ ഏജന്റ്റ്‌മാർ, മിൽക്ക് വണ്ടി ഓടുന്ന വിവിധ വാഹനങ്ങളിലെ ഡ്രൈവർമാരടക്കമുള്ള ജീവനക്കാർ തുടങ്ങിയ എല്ലാപേരെയും മിൽമ  ചെയർമാൻ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button