
സുരേഷ് കുമാർ, വടകര
വടകര: ഇന്ന് കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് ഏറാമല സ്വദേശിക്ക്.
മാര്‍ച്ച് 22ന് ദുബായിയില്‍ നിന്നു നാട്ടിലെത്തിയ ആളാണ് ഇദ്ദേഹം.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ നടന്ന പരിശോധനയിലാണ് രോഗം പോസിറ്റീവായത്.
ഏറാമല സ്വദേശിയായ 31 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ ദുബായില്‍ നിന്നു ബംഗളൂരു വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യുവാവ് അവിടെ നിന്ന് ടാക്സി വഴി കുന്നുമ്മക്കര, പയ്യത്തൂരിലെത്തി പ്രത്യേകം സജ്ജമാക്കിയ വീട്ടില്‍ കഴിയുകയായിരുന്നു. ഒരു രോഗലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ല.
ദുബായില്‍ കൂടെ ജോലി ചെയ്യുന്നവര്‍ പോസിറ്റീവ് ആയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 15 ന് ആബുലന്‍സില്‍ വടകര ആശുപത്രിയില്‍ എത്തിച്ച് സാംപിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗിയെ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നില തൃപ്തികരമാണ്.
ഇതോടെ ജില്ലയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ 20 പോസിറ്റീവ് കേസുകളില്‍ 9 പേരും 4 ഇതര ജില്ലക്കാരില്‍ 2 പേരും രോഗമുക്തരായിയിട്ടുണ്ട്. ഇപ്പോള്‍ 11 കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ ഇന്ന് 1615 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 12,788 ആയി. 10,012 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്ന് പുതുതായി വന്ന 6 പേര്‍ ഉള്‍പ്പെടെ ആകെ 25 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്ന് 34 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 678 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 637 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 613 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 41 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രേള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.