KeralaLatest

മോദി വിളിച്ചു, ഓർമ്മകളിൽ മുങ്ങി,​ ആശംസ നേർന്ന് അയ്യപ്പൻ പിള്ള

“Manju”

രജിലേഷ് കെ.എം.

തിരുവനന്തപുരം: നഗരത്തിലെ മുതിർന്ന പൗരനും സ്വാതന്ത്ര്യ സമര സേനാനിയുമായ അയ്യപ്പൻപിള്ളയുടെ തൈയ്‌ക്കാട്ടെ വീട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ. അയ്യപ്പൻ പിള്ളയ്ക്ക് അങ്ങേയറ്റത്തെ സന്തോഷം. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വിളി വന്നത്. മകളുടെ ഭർത്താവ് വി.രാജ്കുമാറാണ് ഫോണെടുത്തത്. അപ്പോൾ അയ്യപ്പൻ പിള്ള കുളിമുറിയിലായിരുന്നു. പ്രധാനമന്ത്രിയുടെ സഹായി സംസാരിച്ചത് ഹിന്ദിയിലായിരുന്നു. അഞ്ചു മിനിട്ടിനകം പ്രധാനമന്ത്രി വിളിക്കുമെന്നു പറഞ്ഞു. 105 വയസ്സുകാരനായ അയ്യപ്പൻപിള്ള കാലിലെ പഴുപ്പുകാരണം പത്ത് ദിവസം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം കുറച്ചു ദിവസം മുമ്പാണ് വീട്ടിലെത്തിയത്. കൊവിഡ് കാരണം വീട്ടിന് മുറ്റത്ത് പോലും ഇറങ്ങാറുണ്ടായിരുന്നില്ല. 105ാം വയസിലും തൈയ്ക്കാട് ശാസ്താകോവിലിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് രണ്ടാമത് വിളിവരുമ്പോഴേക്കും അയ്യപ്പൻ പിള്ള റെഡിയായി. ഇംഗ്ലിഷിലായിരുന്നു നരേന്ദ്രമോദിയുടെ സംഭാഷണം. അയ്യപ്പൻ പിള്ളയുടെ ആരോഗ്യത്തെക്കുറിച്ചാണ് മോദി ആദ്യം തിരക്കിയത്. 1991 ൽ ഡിസംബ‌ർ 11 ന് കന്യാകുമാരിയിൽ നിന്നുള്ള ഏകതായാത്രയിൽ അന്ന് ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയായിരുന്നു മുഖ്യ സംഘാടകൻ. അടുത്ത വർഷം റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറിൽ ദേശീയ പതാക ഉയർത്താനായി അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷൻ മുരളീമനോഹർ ജോഷിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അയ്യപ്പൻപിള്ളയും അന്ന് കന്യാകുമാരിയിലെത്തിയിരുന്നു. ഇക്കാര്യവും അയ്യപ്പൻ പിള്ള അയവിറക്കി. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച അയ്യപ്പൻ പിള്ള,​ താൻ മോദിയുടെ ആരാധകനാണെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സുയർത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്ര മാക്കണമെന്നായിരുന്നു മോദിയോട് അയ്യപ്പൻപിള്ളയുടെ അഭ്യർത്ഥന. നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹമുണ്ടെങ്കിൽ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചു മിനിട്ടോളം രണ്ടുപേരും സംസാരിച്ചു.

തികച്ചും അപ്രതീക്ഷിതമായിരുന്നു പ്രധാനമന്ത്രിയുടെ ഫോൺവിളിയെന്ന് അയ്യപ്പൻപിള്ളയുടെ മകൾ രാജമ്മ പിള്ള പറഞ്ഞു. അല്ലെങ്കിൽ സംഭാഷണം റെക്കോ‌ഡ് ചെയ്തുവക്കാമായിരുന്നുവെന്നും അവർ പറഞ്ഞു. കൊച്ചിയിൽ താമസിക്കുന്ന മുൻ ബാങ്ക് ഓഫീസർ അനൂപ് ആണ് മകൻ.

Related Articles

Leave a Reply

Back to top button