
സിന്ധുമോള്‍ ആര്‍
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ആ പേര് തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഒരു വികാരമാണ്. ക്രിക്കറ്റ് ദൈവവുമായി ബന്ധപ്പെട്ടതെന്തും ആരാധകർക്ക് ആഘോഷവുമാണ്. ഇന്ന് സച്ചിന്റെ 47-ാം ജന്മദിനമാണ്. ഏറെ വിപുലമായി തന്നെ സച്ചിന്റെ ജന്മദിനം എല്ലാവർഷവും ആരാധകർ ആഘോഷമാക്കാറുണ്ട്. എന്നാൽ ഇത്തവണ ജന്മദിന ആഘോഷങ്ങൾ ഇല്ലെന്നാണ് സച്ചിനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് 19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഇത്തവണ സച്ചിൻ ജന്മദിനാഘോഷം ഒഴിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുള്ള ആരോഗ്യപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമുൾപ്പെടുന്ന യോദ്ധാക്കളോടുള്ള ആദര സൂചകമായിട്ടാണ് സച്ചിൻ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആഘോഷങ്ങളുടെ സമയമല്ല ഇതെന്ന് സച്ചിൻ തീരുമാനിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, പൊലീസുകാർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ബഹുമതിയാണിതെന്ന് അദ്ദേഹം കരുതുന്നു- സച്ചിനുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സച്ചിൻ 50 ലക്ഷം സംഭാവന നൽകിയിരുന്നു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതമാണ് സംഭാവന ചെയ്തത്. ഇതിനു പുറമെ ജനങ്ങൾക്കായി അവബോധവും നൽകുന്നുണ്ട്.