International

ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് കൊറോണയെ കൊല്ലാമെന്ന്; ട്രംപ്

“Manju”

സിന്ധുമോള്‍ ആര്‍

വാഷിങ്ടൺ: ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ കൊല്ലാമെന്ന ‘ആശയം’ പങ്കുവെച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കി കമ്പനികള്‍. തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ഉപദേശം നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ലൈസോള്‍, ഡെറ്റോള്‍ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി.

വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണ് എന്നത് കൊണ്ട് കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തെറ്റായ നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അമേരിക്കക്കാരിലെത്തിയത്.

ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷമുണ്ടായ വ്യാജപ്രചാരണത്തെ തുടര്‍ന്ന് അണുനാശിനികള്‍ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പരസ്യമായി നല്‍കിയിരിക്കുകയാണ് റെക്കിറ്റ് ബെന്‍ക്കിസര്‍ എന്ന ബ്രിട്ടീഷ് കമ്പനി.

“ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക് തങ്ങള്‍ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങള്‍ മനുഷ്യശരീരത്തിലേക്ക് ഇന്‍ജക്ഷന്‍ വഴിയോ വായിലൂടെയോ ശരീരത്തില്‍ പ്രയോഗിക്കരുത്”, എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാത്രവുമല്ല മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നും കമ്പനി അടിവരയിട്ടു പറയുന്നുണ്ട്.

“പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോക്താക്കള്‍ക്ക് കൃത്യവും കാലികവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്”, എന്ന് പറഞ്ഞാണ് കമ്പനി പ്രസ്താവനയിറക്കിയത്.

ഒരു കാരണവശാലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ മുന്നറിയിപ്പു നല്‍കുന്നു.

Related Articles

Leave a Reply

Back to top button