Kerala

മാരാർജി എന്ന മാർഗദീപം

“Manju”

പ്രജീഷ് എൻ.കെ

കണ്ണൂർ: വളരെ എളിയ നിലയില്‍ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ്‌ കെ.ഗോവിന്ദമാരാർ എന്ന കെ.ജി.മാരാര്‍ പിറന്നത്‌. നാരായണ മാരാർ, നാരായണി മാരസ്യാർ എന്നീ ദമ്പതിമാരുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു. വളരെ ദരിദ്രമായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
ഭക്തർ കുറവായ ഒരമ്പലത്തിലെ കഴകത്തിന്‌ ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളൂ.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം മാരാര്‍ജിയുടെ മനസ്സില്‍ ജീവിതാദര്‍ശത്തിന്റെ നെയ്ത്തിരി കൊളുത്തി. അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസം വരെ കാത്തുസൂക്ഷിച്ചു. ആ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന്‌ യുവാക്കള്‍ക്ക്‌ പകർന്നു നൽകി. വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ ആർ.എസ്.എസ്. പ്രവർത്തകനായി. 1956-ൽ പയ്യന്നൂരിൽ ആർ.എസ്.എസ്. ശാഖ ആരംഭിക്കുന്നതിന് നേതൃത്വം നൽകി. കണ്ണൂർ ജില്ലയിൽ ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മാരാർജിയാണ്.
പറശ്ശിനിക്കടവ് സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം ജന സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിച്ചു. സാമ്പത്തിക ക്ലേശങ്ങളുടെ നടുവിൽ കുടുംബം കഷ്ടപ്പെടുന്ന കാലഘട്ടത്തിൽ തീർത്തും സാഹസികമായ ഒരു തീരുമാനമായിരുന്നു അത് .

മാർക്സിസ്റ്റ് സ്വാധീനമേഖലയായ കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് സൗമ്യവും എന്നാൽ സുദൃഢവുമായ പ്രവർത്തന ശൈലിയുമായി കടന്നുചെന്ന അദ്ദേഹത്തെ ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത് സംഘടനയുടെ വളർച്ച ദ്രുതഗതിയിലാക്കി. പിന്നീട് പ്രവർത്തനം സംസ്ഥാന വ്യാപകമായപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല.

1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജയിൽ മോചിതനായശേഷം ജനസംഘം ഉൾപ്പെട്ട ജനതാ പാർട്ടിയുടെ നേതാവായി. പാർട്ടിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിച്ചു. 1980-ൽ ബി.ജെ.പി രൂപീകൃതമായപ്പോൾ സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. ബിജെപി അത്ര വലിയ ശക്തിയല്ലാതിരുന്ന 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് തുച്ഛമായ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത് . കെ ജി മാരാർ എന്ന സർഗധനനായ രാഷ്ട്രീയക്കാരന്റെ ജനപിന്തുണ അത്രയ്ക്ക് വലുതായിരുന്നു .

എം എൽ എ യോ മന്ത്രിയോ ഒന്നുമായില്ലെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ഇടം പിടിച്ചു . രാജനൈതിക രംഗത്ത് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കേണ്ട വ്യക്തിയാണ് മാരാരെന്ന് എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട്. എന്നാൽ അതിനു വേണ്ടി താൻ കടന്നു വന്ന വീഥികളിൽ വ്യതിചലനം ഉണ്ടാക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. 1995 ഏപ്രിൽ 25 ന് അന്തരിക്കുമ്പോൾ കെ ജി മാരാരെന്ന ആദർശ ധീരന്റെ പേരിൽ ഒരു തുണ്ട് ഭൂമിയോ, തുച്ഛമായ ബാങ്ക് ബാലൻസോ പോലുമുണ്ടായിരുന്നില്ല. രാഷ്ട്രീയം ജനസേവനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ ത്യാഗധനനായ സന്യാസിയുടെ ജീവിതമാണ് അദ്ദേഹം നയിച്ചത്.

ഭാരതീയ ജനതാ പാർട്ടി ഇന്ന് അംഗീകാരത്തിന്റെയും ജനസമ്മതിയുടെയും ഗിരി മകുടത്തിലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടി. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കുന്ന പാർട്ടി. ആത്മവിശ്വാസം പകരുന്ന ഈ സാഹചര്യത്തിൽ, നിഷ്ക്കാമ കർമ്മയോഗിയായി നമ്മുടെ മുന്നിൽ നടന്ന് നമുക്ക് മാർഗം തെളിയിച്ച മഹാമനീഷി മാരാർജിയുടെ ദീപ്തമായ സ്മരണ നമ്മിൽ കർത്തവ്യ ബോധവും ആദർശനിഷ്ഠയും സംഘടനാ പ്രതിബദ്ധതയും വളർത്തുമാറാകട്ടേ

Related Articles

Leave a Reply

Back to top button