KeralaLatest

ഇരുപത്തിയാറ് ലക്ഷത്തി എഴുപത്തിയൊന്നായിരത്തി ഇരുന്നൂറ്റി എൺപത്തി ഒൻപത് ഭക്ഷണപ്പൊതികളുമായി മേയർ

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം 53 ദിവസങ്ങളിലായി ഇരുപത്തിയാറ് ലക്ഷത്തി എഴുപത്തിയൊന്നായിരത്തി ഇരുന്നൂറ്റി എൺപത്തി ഒൻപത് ഭക്ഷണപ്പൊതികൾ നഗരസഭ വിതരണം ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാൻ ഇടയാവരുതെന്നുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് നഗരസഭയും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചത്.

തുടക്കത്തിൽ തൈക്കാട് മോഡൽ എൽപി സ്‌കൂളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ 25 ഹെൽത്ത് സർക്കിളുകളിലായി 25 കമ്മ്യൂണിറ്റി കിച്ചൺ തന്നെ ആരംഭിച്ചാണ് നഗരസഭ ഭക്ഷണവിതരണം നടത്തിയിരുന്നത്.

ആളുകൾക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പ്രത്യേക കോൾസെന്ററും,ഓൺലൈനായി രജിസ്റ്റർ ചെയ്യാനുമുള്ള സംവിധാനവുമൊരുക്കിയാണ് പരാതികളില്ലാതെ ഇത്രയും ഭക്ഷണപൊതികൾ നഗരസഭ വിതരണം ചെയ്തത്.

ഹോം ക്വാറന്റെയിനിൽ കഴിയുന്നവർക്കും,ഭക്ഷണം ആവശ്യപ്പെട്ടവട്ടർക്കുമായും കൃത്യ സമയത്ത് വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിനായി രണ്ടായിരം വോളന്റിയർമാരാണ് പ്രവർത്തിച്ചിരുന്നത്.

814659 പ്രഭാതഭക്ഷണവും 828338 ഉച്ച ഭക്ഷണവും828262 രാത്രി ഭക്ഷണവുമാണ് നഗരസഭ ഇതുവരെയായി വിതരണം ചെയ്തിട്ടുള്ളത്.
ഒരു ദിവസം 90000 ഭക്ഷണ പൊതികൾ വരെ വിതരണം ചെയ്ത ദിവസങ്ങളുണ്ട്.

സർക്കാരിന്റെ സൗജന്യ റേഷനും,പലവ്യഞ്ജന കിറ്റുകളുമൊക്കെ വീടുകളിൽ എത്തിയതിനെ തുടർന്ന് കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ഭക്ഷണം ആവശ്യമുള്ളവരുടെ എണ്ണം വളരെയേറെ കുറഞ്ഞതായി മേയർ പറഞ്ഞു.

ഇതേ തുടർന്ന് വീടുകളിൽ ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നഗരസഭ അവസാനിപ്പിച്ചതായും മേയർ പറഞ്ഞു.

വീടുകളിൽ ഭക്ഷണമെത്തിക്കുന്നതിന്റെ അവസാന ദിനമായ ഇന്ന് കിച്ചണുകളിൽ നിന്ന് ബിരിയാണിയും,ചിക്കനും ഉൾപ്പെടെ ഗംഭീര ഭക്ഷണമാണ് വിതരണം ചെയ്തത്.

അതേ സമയം നഗരസഭക്ക് കീഴിലുള്ള യാചകർ, അഥിതി തൊഴിലാളികൾ, എന്നിവരെ പാർപ്പിച്ചിട്ടുള്ള ക്യാമ്പുകളിലും,നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെയും നിരീക്ഷണത്തിനായി നഗരസഭ ഒരുക്കിയിട്ടുള്ള ക്വാറന്റെയിൻ സെന്ററുകളിലേയും ഭക്ഷണ വിതരണത്തിനായി നാല് കമ്മ്യൂണിറ്റി കിച്ചണുകൾ തുടർന്നും പ്രവർത്തിക്കുമെന്ന് മേയർ വ്യക്തമാക്കി.

ഈ മഹമാരിക്കാലത്ത് വിശന്നിരിക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ ഉൽപ്പന്നങ്ങളായും,പണമായും നഗരസഭയെ സഹായിച്ച മത,രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക സംഘടനകൾ,കൂട്ടായ്മകൾ,വ്യക്തികൾ, എന്നിവരോടും, രാപ്പകൽ ഭേദമില്ലാതെ ഈ പ്രവർത്തനത്തിനായി അധ്വാനിച്ച ജനപ്രതിനിധികൾ പാചക തൊഴിലാളികൾ,വോളന്റിയർമാർ,കാറ്ററിങ് യൂണിറ്റുകൾ,നഗരസഭ ജീവനക്കാർ എന്നിവരോടും നന്ദി അറിയിക്കുന്നതായി മേയർ പറഞ്ഞു.

Related Articles

Back to top button