IndiaLatest

ചേര്‍ത്തല ഓട്ടോകാസ്‍റ്റിന്‌ റെയില്‍വേയുടെ അഭിനന്ദനം

“Manju”

ആലപ്പുഴ ; ചരക്കുവണ്ടികള്‍ക്കുള്ള കാസ്നബ് ബോഗി നിര്‍മ്മിച്ചു നല്‍കിയ ചേര്‍ത്തല ഓട്ടോകാസ്റ്റിന് റെയില്‍വേയുടെ അഭിനന്ദനം. ഉത്തര റെയില്‍വേയുടെ അമൃത്സര്‍ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ് അധികൃതരാണ് കാസ്നബ് ബോഗിയുടെ ഗുണനിലവാരം അംഗീകരിച്ച്‌ കത്തയച്ചത്. ചേര്‍ത്തലയില്‍ നിര്‍മിച്ച അഞ്ചുബോഗികളില്‍ നാലെണ്ണം വിജയകരമായി വാഗണുകളില്‍ ഘടിപ്പിച്ചുവെന്ന് കത്തില്‍ പറഞ്ഞു. ശേഷിക്കുന്ന ഒരെണ്ണം വൈകാതെ ഘടിപ്പിക്കും. ബോഗികളില്‍ ഒരുമാറ്റവും വരുത്താതെയാണ് വാഗണുകളില്‍ ഘടിപ്പിച്ചത്.

റെയില്‍വേയുടെ കൂടുതല്‍ ഓര്‍ഡര്‍ ഭാവിയില്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ കത്ത്. നിലവിലെ ധാരണ അനുസരിച്ച്‌ റെയില്‍വേയ്ക്കാവശ്യമായ ബോഗികളുടെ 20 ശതമാനത്തിന്റെ നിര്‍മ്മാണ കരാര്‍ ഓട്ടോകാസ്റ്റിന് ലഭിക്കും. പ്രതിവര്‍ഷം രണ്ടായിരത്തിലേറെ ബോഗികളാണ് റെയില്‍വേ വാങ്ങുന്നത്. കഴിഞ്ഞദിവസം ഉത്തര റെയില്‍വേയുടെ ടെന്‍ഡറില്‍ പങ്കെടുത്ത ഓട്ടോകാസ്റ്റാണ് കുറഞ്ഞ തുക ക്വാട്ട് ചെയതത്.

159 ബോഗി നിര്‍മാണത്തിനാണ് ടെന്‍ഡര്‍ വിളിച്ചത്. 23 ബോഗി നിര്‍മ്മാണ കരാര്‍ കേരളത്തിന്റെ ഉരുക്കു നിര്‍മാണശാലയ്ക്ക് ലഭിക്കുമെന്ന് പ്രതീ ക്ഷിക്കുന്നു. തദ്ദേശീയമായി രാജ്യം നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനുവേണ്ടി ഉപകരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയ ഓട്ടോകാസ്റ്റിന് നവരത്ന സ്ഥാപനങ്ങളില്‍നിന്ന് കരാര്‍ ലഭിക്കാന്‍ സാധ്യത.

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്, കൊച്ചിന്‍ ഷിപ്യാര്‍ഡ് സ്ഥാപനങ്ങള്‍ക്കായി ആവശ്യമായ കാസ്റ്റ് അയണ്‍, ഡക്റ്റൈല്‍ അയണ്‍, സ്റ്റീല്‍ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള വഴിയാണ് തുറക്കുന്നത്. ലോക്സഭയില്‍ ഈ ആവശ്യം ഉന്നയിച്ച്‌ എ എം ആരിഫ് എംപി ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായി അനുകൂല ഉത്തരവ് ഇറക്കാമെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രി ലോക്സഭയെ അറിയിച്ചു. വിക്രാന്തിനുവേണ്ടി ഡെക്ക് മൗണ്ടഡ് ക്ലോസ്ഡ് ചോക്കുകളും കാസ്റ്റ് അയേണ്‍ ബ്രിക്കുകളുമാണ് നല്‍കിയത്.

Related Articles

Back to top button