KeralaLatest

പ്രാദേശികമായ ചികിത്സാ സംവിധാനങ്ങള്‍ ശക്തമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

“Manju”

അഖിൽ ജെ എൽ

കോഴിക്കോട് :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനിടയില്‍ മഴക്കാലജന്യ രോഗങ്ങള്‍ക്കെതിരെയും കരുതിയിരിക്കണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പകര്‍ച്ചവ്യാധികള്‍ ഏറ്റവുമധികം പടര്‍ന്നുപിടിക്കുന്ന സമയമാണിത്. ഏത് അസുഖങ്ങള്‍ക്കും ഗവ.മെഡിക്കല്‍ കോളേജിനെ ആശ്രയിക്കാനാണ് പൊതുജനങ്ങള്‍ ശ്രമിക്കുക.

എന്നാല്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നത് അപകടകരമാണ്. ഇതു തടയാന്‍ താലൂക്ക് ആശുപത്രി, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ പ്രാദേശികമായ ചികിത്സാ സംവിധാനങ്ങള്‍ ശക്തമാക്കണം. മരുന്നുകളുടെ സ്റ്റോക്ക്, ഡോക്ടര്‍മാരുടെ ലഭ്യത തുടങ്ങിയവ ഉറപ്പാക്കണം. ഗൗരവതരമായ അസുഖങ്ങള്‍ക്കുമാത്രമേ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ടതുള്ളൂ. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ്ണ പിന്തുണ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കെയര്‍ സെന്ററുകളില്‍ ഡോക്ടര്‍മാരുടെ എണ്ണം ഉറപ്പാക്കണം. രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്തയുടന്‍ നിര്‍ദ്ദിഷ്ട രീതിയില്‍ അണുനശീകരണം നടത്തണം. വാര്‍ഡ്തല ദ്രുതകര്‍മസേനയില്‍ ആവശ്യത്തിന് വളണ്ടിയര്‍മാരുണ്ടെന്ന് ഉറപ്പാക്കണം. ആംബുലന്‍സുകളുടെ ലഭ്യത സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം. പിപിഇ കിറ്റുകളുടെയും വെന്റിലേറ്ററുകളുടേയും അപര്യാപ്തത പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വില്ലേജ് ഓഫീസുകള്‍, കൃഷിഭവനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുതലായെത്തുന്ന സ്ഥാപനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കാന്‍ അഗ്‌നിശമനസേനയോട് ആവശ്യപ്പെടും. പോലീസിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണം കര്‍ശനമായി തുടരണം. ബസ്സില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണം. ഓരോ പ്രദേശങ്ങളിലും നിര്‍ദ്ദിഷ്ട സമയത്ത് കടകള്‍ അടക്കുന്നുണ്ടെന്നും പൊതുസ്ഥലങ്ങളിലെത്തുന്നവര്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

കാലവര്‍ഷം കനത്താല്‍ മഴക്കെടുതി ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കും വളണ്ടിയര്‍മാരെ ആവശ്യമായി വരും. മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ ദുരിതങ്ങളുണ്ടായ പ്രദേശങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയക്കരുത്. എന്നാല്‍ അവര്‍ ആവശ്യപ്പെടുന്ന പക്ഷം പോകാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, അഡീ.ഡിഎംഒ ഡോ.ആശാദേവി, റൂറല്‍ എസ്പി ഡോ.കെ.ശ്രീനിവാസ്, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ്, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button