Thiruvananthapuram

പ്ലസ് വണ്‍ പ്രവേശനം വീണ്ടും നീട്ടി

“Manju”

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഒരുദിവസം കൂടി നീട്ടി നല്‍കി ഹൈക്കോടതി.സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍, സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സിബിഎസ്‌ഇ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളുമാണ് ഇതുസംബന്ധിച്ച്‌ ഹൈക്കോടതിയെ സമീപിച്ചത്. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ക്ക് തുടര്‍പഠനം അസാധ്യമാകുമെന്ന് കാണിച്ചാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ മുഴുവനായി താളം തെറ്റിക്കുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇതിനോടകം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തമാസം പതിനേഴോടെ ക്ലാസുകള്‍ തുടങ്ങിയാല്‍ പോലും പാഠഭാഗങ്ങള്‍ പൂര്‍ണമായി പഠിപ്പിച്ച്‌ തീര്‍ക്കാനാകുമോ എന്ന ആശങ്കയും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയാലും പാഠഭാഗങ്ങള്‍ തീരില്ലെന്നും ആ സാഹചര്യത്തില്‍ ഇനിയും സമയം നീട്ടി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം സിബിഎസ്‌ഇ പത്താം ക്ലാസ് ഫലപ്രഖ്യാപന തീയ്യതി നാളെ പ്രഖ്യാപിച്ചേക്കും. രണ്ട് ദിവസത്തിനകം ഫലം പ്രഖ്യപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിഎസ്‌ഇ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു .

സിബിഎസ്‌ഇ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികളും മാതാപിതാക്കളും നല്‍കിയ ഹര്‍ജി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതനുസരിച്ച്‌ ഇന്ന് ഉച്ചക്ക് 1.30- വരെയായിരുന്നു അപേക്ഷാതീയ്യതി നീട്ടിയത്. ഈ ഉത്തരവാണ് നാളെ വരെ നീട്ടി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. നാളെ മൂന്ന് മണിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Related Articles

Back to top button