KeralaLatest

ചെറുവാഞ്ചേരി കണ്ണവം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

“Manju”

ഹര്‍ഷദ് ലാല്‍

മഞ്ഞാമ്പുറം: ചെറുവാഞ്ചേരി കണ്ണവം റോഡിൽ മഞ്ഞാമ്പുറം കവലയിൽ വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിത്തൂണുകൾ തകർന്നു വീണു. വൈദ്യുതി ബന്ധം നിലച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. പഴക്കമുള്ള വൻമരമാണ് മറിഞ്ഞു വീണത്. ആളപായമില്ല.രണ്ട് ഓട്ടോറിക്ഷകളിലെ യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. മഞ്ഞാമ്പുറത്തു നിന്ന് 50 മീറ്റർ അകലെ കുമാരനാശാൻ നഗർ റോഡിലെ വൈദ്യുതത്തൂൺ മറിഞ്ഞു വീണ് ഒരു ഓട്ടോ ടാക്സിയുടെ മുൻവശത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്. ജംഗ്ഷനിൽത്തന്നെയുള്ള പലചരക്കുകടയുടെയും ചായക്കടയുടെയും മുകളിലേക്ക് ശാഖകൾ മുറിഞ്ഞു വീണതിനാൽ മേൽക്കൂര തകർന്നു. കേബിൾ ടി.വി.യുടെ ഫൈബറുകൾ മുറിഞ്ഞു വീണു. കണ്ണവം പോലീസ് സ്ഥലത്തു സ്ഥാപിച്ച ക്യാമറ തകർന്നു.

അപകട സമയത്ത് റോഡിൽ കൂടുതൽ വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി. കണ്ണവം പോലീസ് സ്ഥലത്തെത്തി. കൂത്തുപറമ്പ് അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ആന്റ്റെസ്ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിൽ വി.ഷിജിൽ, കെ.പി.റനീഷ്, എം.പി.സതീഷ്, ടി.മോഹനൻ എന്നിവർ മരം മുറിച്ചു നീക്കി.

Related Articles

Back to top button