KeralaLatestThiruvananthapuram

20 വർഷമായി ലോക്ക് ഡൗണിൽ  ആയ മാളു

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് :ആശുപത്രിയിൽ പോകാനെങ്കിലും  മാളുവിനൊരു വഴി വേണം. നമ്മളൊക്കെ മാസങ്ങൾക്കു മുൻപാണ് ലോക്ക് ഡൗൺ ആയതെങ്കിൽ വഴിയില്ലാതെ സുഖമില്ലാത്ത മഹിമ.പി.ജെ (മാളു) 20 വർഷമായി ലോക്ക് ഡൗണിലാണ്. വെമ്പായം നെടുവേലിയിൽ എംഎം നിവാസിൽ ടി.പ്രേമകുമാർ വൈ.ജലജ ദമ്പതികളുടെ മകൾ മാളുവിനാണ് ഈ  ദുർവിധി. കഴിഞ്ഞ ഇരുപതു വർഷമായി മാളു വീടിന്‍റെ നാലുചുവരുകൾക്കുള്ളിൽ ലോക് ഡൗണിൽ ആണ്. നേരം വെളുക്കുന്നതോ ഇരുട്ടുന്നതോ ചൈനയിൽ നിന്നൊരു മഹാമാരി വന്നു ലോകത്തെ  മൊത്തവും ലോക്കാക്കി യതോ  മാളു അറിഞ്ഞില്ല ആകെ അറിയാവുന്നതു പാട്ടു കേട്ട് തലകുലുക്കാനും, അസ്പഷ്ടമായ സ്വരത്തിൽ അമ്മേന്നു വിളിക്കാനും  പിന്നെ കോഴി കൂവുന്നത് കേൾക്കുമ്പോൾ ഭയന്ന് കരയാനും.

ജനിച്ചു മൂന്നിന്‍റന്നു ശ്വാസ തടസ്സം വന്നതായിരുന്നു തുടക്കം. നീണ്ട ചികിത്സയ്‌ക്കൊടുവിലായിരുന്നു അറിഞ്ഞത് സെറിബ്രൽ പാർസിയുടെ പിടിയിൽ ആണ് മാളുവിന്‍റെ ജീവിതമെന്നു. കൂലി വേലക്കാരനായ അച്ഛനും വീട്ടമ്മയായ അമ്മയ്ക്കും താങ്ങാൻ പറ്റുന്നതിനപ്പുറമായിരുന്നു ചികിത്സ ചെലവ്. അലോപ്പതിയും ആയുർവേദവുമെല്ലാം മാറി മാറി ചികിൽസിച്ചു. ആയുർവേദ ചികിത്സ കഴിഞ്ഞപ്പോൾ വികൃതമായ രൂപമൊക്കെ മാറി കൈ ചെറുതായി അനക്കാൻ പറ്റുന്ന അവസ്ഥയിലായി. നീണ്ട ചികിത്സയും മരുന്നുകളും കാരണം മാളുവിന്റെ ശരീരം വണ്ണം വെച്ചു. അതുവരെ മാളുവിനെ അമ്മയ്ക്ക് എടുത്തുകൊണ്ടുപോയി കുളിപ്പിക്കുകയോ പ്രാഥമിക കൃത്യങ്ങൾ നടത്തുകയോ ചെയ്യാമായിരുന്നു. ഇപ്പോൾ അതിനും നിർവാഹമില്ല. ‘അമ്മ ജലജ നീണ്ട നാളായി ഷുഗർ ബിപി  രോഗിയാണ്. ഇടതു കണ്ണിന്റെ നാലു ഓപ്പറേഷൻ കഴിഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ട്ടപെട്ട അവസ്ഥയാണ്. ഇപ്പോൾ ബിപി കൂടിയിട്ട് ശരീരത്തിന്റെ ഒരു ഭാഗം മരവിച്ച അവസ്ഥയിലുമാണ്.മാളുവിന്‌ ആശുപത്രിയിൽ കൊണ്ടുപോകേണ്ട ഒരു അവസ്ഥ വന്നാൽ വാഹനസൗകര്യം ചെന്നെത്താത്ത വഴി ആയതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാതെ രോഗ വിവരം പറഞ്ഞു മരുന്ന് വാങ്ങിക്കുകയാണ് പതിവ്. പാലിയേറ്റീവ് കെയറിന്റെ സഹായവും പെൻഷനും കിട്ടുന്നുണ്ടങ്കിലും ജലജയ്ക്ക് കൂടി സുഖമില്ലാതാവുകയും ലോക് ഡൗൺ ആയതിനാൽ അച്ഛന് കൂലിപ്പണിക്കും പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്, ഇവർക്കൊരു മകനുള്ളത് വയനാട്ടിൽ ജോലിക്ക് പോയിരിക്കുകയുമാണ്. വീട്ടിലേക്കുള്ള വഴി സൗകര്യം ഇല്ലാത്തതിനാൽ പല സംഘടനകളും കൊടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെട്ട സൗജന്യ കിറ്റ് പോലും കിട്ടാറില്ല.

 

Related Articles

Back to top button