KeralaLatest

കർമ്മധീരനായ കേരള പോലീസ് ചീഫിന് ഇന്ന് പിറന്നാള്‍

“Manju”

ആർ ഗുരുദാസ്.

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ ലോക്‌‌നാഥ് ബെഹ്റയ്ക്ക് ഇന്ന് 59 തികയുന്ന വേളയില്‍ ജന്മദിനാശംസകൾ. 1961 ജൂൺ 17 ഒഡീഷയിലാണ് ആദ്ദേഹം ജനിച്ചത്. പോലീസ് സേനയെ സാങ്കേതികമായി ആധുനികവല്‍ക്കരിക്കുകയും സ്ത്രീസുരക്ഷക്ക് മുന്‍ഗണന നൽകുകയും ചെയ്ത അദ്ദേഹം 1985 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായാണ് ഇന്ത്യൻ പോലീസ് സർവ്വീസിൽ പ്രവേശിക്കുന്നത്. ആലപ്പുഴ എ.എസ്.പി യായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആദ്ദേഹം തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍, കൊച്ചി- തിരുവനന്തപുരം നഗരങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണർ, പോലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി. നവീകരണം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഡെപ്യൂട്ടേഷനിൽ സി.ബി.ഐ.യില്‍ എസ്.പി.യായും ഡി.ഐ.ജി.യായും പ്രവർത്തിച്ച അദ്ദേഹം സി.ബി.ഐ.യുടെ ഭീകരവിരുദ്ധ ഗ്രൂപ്പിന്‍റെ സ്ഥാപകാംഗം കുടിയായിരുന്നു.

എന്‍.ഐ.എ.യില്‍ ഇന്‍റലിജന്‍സ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ രൂപവത്കരിച്ച സംഘത്തിലുണ്ടായിരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ ചോദ്യം ചെയ്യുന്നതിനായി യു.എസിലേക്ക് പോയ സംഘത്തെ നയിച്ചതും ബെഹ്റയായിരുന്നു.

ഭീകരാക്രമണം, ആസൂത്രിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കേസുകള്‍, മനുഷ്യക്കടത്ത്, ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍, ഭീകര പ്രവര്‍ത്തനം കണ്ടെത്തല്‍, ബാങ്ക് തട്ടിപ്പുകള്‍, ഉന്നതങ്ങളിലെ അഴിമതി, ഇന്ത്യക്കകത്തും പുറത്തും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവ അന്വേഷിക്കുന്നതില്‍ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു.

ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെ സി.ബി.ഐ.യിലെ 12 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് 2017ൽ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റത്. സ്ത്രീ സുരക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹത്തിന് വെല്ലുവിളിയാകുമ്പോള്‍ പോലും താന്‍ നടത്തിയിട്ടുള്ള അന്വേഷണങ്ങളില്‍ രാജ്യാന്തര ശ്രദ്ധയാകർഷിക്കാൻ ആദ്ദേഹത്തിന് സാധിച്ചു.

ഭാരത സർക്കാരില്‍ ഉന്നത സുരക്ഷാ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട നിരവധി പ്രോഗ്രാമുകളുടെ ചെയര്‍മാനും അംഗവുമായിരുന്ന ബെഹ്റ ആഭ്യന്തര സുരക്ഷയുടെ മേഖലയിലുള്ള ആശയവിനിമയം, ഐ.ടി. അധിഷ്ഠിത കാര്യങ്ങള്‍ എന്നിവയിൽ പ്രത്യേക പരീശിലനം നേടി. രാജ്യത്താകമാനം തീരദേശസുരക്ഷയ്ക്കുള്ള സ്റ്റാന്‍റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിന് രൂപം നൽകുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം, കുറ്റാന്വേഷണ ട്രെയിനിങ്, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയുമായി ബന്ധപ്പെട്ട് യു.എസ്.എ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, യു.കെ., ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രേലിയ, ഹോങ്കോങ്, സിംഗപ്പുര്‍, യു.എ.ഇ, പോര്‍ച്ചുഗല്‍, പോളണ്ട്, ഇറ്റലി, മെക്സിക്കോ, തായ്ലന്റ്, ബള്‍ഗേറിയ, ലാറ്റ്വിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Related Articles

Back to top button