KeralaLatestThrissur

ചരിത്ര നേട്ടം കുറിച്ച് തൃശൂർ: 6000 ൽപരം പട്ടയങ്ങൾ വിതരണത്തിന് തയ്യാർ

“Manju”

സങ്കീർണ്ണതകൾ ഏറെയുളളതും കേന്ദ്രാനുമതി വേണ്ടതുമായ 1550 വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 6000ൽ പരം പട്ടയങ്ങൾ വിതരണത്തിന് തയ്യാറാകുന്നു. ആഗസ്റ്റിൽ സംഘടിപ്പിക്കുന്ന പട്ടയമേളയിൽ ഇവ വിതരണ ചെയ്യും. 4128 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. പുറമ്പോക്ക്, സുനാമി, കോളനി, മുനിസിപ്പൽ, ഇനാം, ശ്മശാന പുറമ്പോക്ക് എന്നീ വിഭാഗങ്ങളിൽ 238 പട്ടയങ്ങൾ തയ്യാറാണ്. 1550 വനഭൂമി പട്ടയങ്ങളും സർവ്വേ നടപടികൾ പൂർത്തീകരിച്ച് തയ്യാറാക്കി വരുന്നു. കേന്ദ്രാനുമതിക്ക് സമർപ്പിച്ചിരിക്കുന്ന 2245 പട്ടയങ്ങളിലും അവേശഷിക്കുന്ന നടപടികൾ കൂടി ഉടൻ പൂർത്തിയാക്കി വിതരണത്തിന് തയ്യാറാക്കും.
കേന്ദ്രാനുമതി ലഭിച്ചതിൽ ഇനിയും പട്ടയം നൽകാൻ അവശേഷിക്കുന്നവർക്ക് തടസ്സങ്ങൾ നീക്കി അവ കൈമാറുന്നതിനുളള പരിശ്രമത്തിലായിരുന്നു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. ഇതിൽ 1977 ജനുവരി 1 ന് മുമ്പ് വനഭൂമി കൈയ്യേറി കൈവശം വച്ചിരിക്കുന്നവർക്ക് അത് പതിച്ച് നൽകുന്നതിനായി സംയുക്തപരിശോധന നടത്തിയതും കേന്ദ്രാനുമതി ലഭിച്ചതുമായ ഭൂമിക്ക് നിലവിൽ ജെവിആർ റിപ്പോർട്ട് ലഭ്യമല്ലാത്ത കേസുകളിലും മരവില ഒഴിവാക്കി പട്ടയം അനുവദിക്കാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകിയിരുന്നു. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി സംസ്ഥാന സർക്കാരിന് വീണ്ടും നിർദ്ദേശം സമർപ്പിക്കുകയും സർക്കാർ അക്കാര്യങ്ങളിൽ വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി 1550 പട്ടയങ്ങൾ ഉടനെ വിതരണത്തിന് തയ്യാറാകും. ഇതോടൊപ്പം സംയുക്ത പരിശോധന പൂർത്തിയാക്കി കേന്ദ്രാനുമതിക്കായി അയച്ച 3140 അപേക്ഷകളിൽ ജിപിഎസ് സർവേ പൂർത്തിയാക്കുന്നതിന് തിരിച്ചുനൽകിയിട്ടുണ്ട്. ഇതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. സമയബന്ധിതമായി ഇത് പൂർത്തിയാക്കും. നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ 2245 അപേക്ഷകളിൽ സർവ്വേ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത് ഉടനെ കേന്ദ്രത്തിന് സമർപ്പിക്കും. പിന്നെയും അവശേഷിക്കുന്ന 900 അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. 10 ജീവനക്കാരെ ഇതിനായി നിയമിച്ചിട്ടുണ്ട്. 8 വാഹനങ്ങളും ഈ പ്രവർത്തനങ്ങൾക്ക് മാത്രമായി അനുവദിച്ചിട്ടുണ്ട്. പട്ടയഫോമുകൾ വാങ്ങി എഴുതി തയ്യാറാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം അധിക പ്രയ്തനം നടത്തിയാണ് പട്ടയവിതരണത്തിനുളള നടപടികൾ പൂർത്തിയാക്കിയത്. വീടുകളിലെത്തിയ ഉദ്യോഗസ്ഥർക്ക് കോവിഡ് ഭീതി മൂലം ആവശ്യമായ രേഖകൾ കൈമാറാൻ വരെ പലർക്കും മടിയായിരുന്നു.

സർക്കാർ തീരുമാനപ്രകാരം പട്ടയവിതരണത്തിനായി അതിവേഗത്തിലും കാര്യക്ഷമമായും നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 300 ൽ പരം വനഭൂമി പട്ടയങ്ങൾ മാത്രം വിതരണം ചെയ്ത സ്ഥാനത്ത് ഒരു വർഷക്കാലയളവിനുളളിൽ 3800 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുളള നടപടികളാണ് പൂർത്തിയാകുന്നത്. സർക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും സമർപ്പിതപ്രവർത്തനത്തിന്റെ ഫലമായാണ് ഈ ചരിത്രനേട്ടം കൈവരിക്കുന്നത്.

Related Articles

Back to top button