Kozhikode

ഓൺലൈൻ വ്യാപാരവുമായി കൺസ്യൂമർഫെഡ്

“Manju”

കോഴിക്കോട്: ലോക്ഡൗൺ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളും, മരുന്നുകളും വീട്ടിലെത്തിക്കാൻ ഓൺലൈൻ വ്യാപാരവുമായി കൺസ്യൂമർഫെഡ്. കണ്ടൈൻമെന്റ് സോണുകളിലടക്കം സാധനങ്ങൾ എത്തിക്കാനാണ് കൺസ്യൂമർഫെഡിന്റെ തീരുമാനം.

കൺസ്യൂമർ ഫെഡിന്റെ വെബ് പോർട്ടലിൽ ബുക്കിംഗ് സൗകര്യമുണ്ട്. അവശ്യ സാധനങ്ങൾ പോർട്ടലിൽ കയറി ഉപഭോക്താവിന് ബുക്ക്‌ ചെയ്യാം. ഓൺലൈൻ വ്യാപാര പദ്ധതി ഉദ്ഘാടനം കോഴിക്കോട് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്‌ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹ്ബൂബ് അദ്ധ്യക്ഷത വഹിച്ചു.

അവശ്യമരുന്നുകളും, മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള 10 ഇനങ്ങൾ ഉൾപ്പെടുത്തി കൊറോണ പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കൺസ്യൂമർ ഫെഡ് വിപണിയിലെത്തിച്ചിരുന്നു. കൂടാതെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലെയും, നീതിമെഡിക്കൽ സ്‌റ്റോറുകളിലെയും വാട്സാപ്പ് നമ്പറിൽ ലഭിക്കുന്ന ഓർഡറുകൾ ഹോം ഡെലിവറിയായി എത്തിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഓൺലൈൻ ആയി ഓഡറുകൾ സ്വീകരിച്ച് സാധനങ്ങൾ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്.

എല്ലാ നിത്യോപയോഗ സാധനങ്ങളും ഈ പോർട്ടൽ വഴി ഓർഡർ ചെയ്‌താൽ എത്രയും വേഗം ഹോം ഡെലിവറി ചെയ്യാനുള്ള സാങ്കേതിക വിദ്യയോടെയാണ് വെബ്പോർട്ടൽ തയ്യാറാക്കിയിട്ടുള്ളത്. തുടക്കത്തിൽ കോഴിക്കോട് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ മാത്രമാണ് വിതരണം നടത്തുക. പിന്നീട് മറ്റ് ജില്ലകളിൽ ആരംഭിക്കാനാണ് കൺസ്യൂമർഫെഡ് ഉദ്ദേശിക്കുന്നത്.

Related Articles

Back to top button