India

റഷ്യയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ

“Manju”

ന്യൂഡൽഹി: യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്‌ട്ര തലത്തിൽ ഉപരോധം നേരിടുന്ന റഷ്യയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. റഷ്യയിലേയ്‌ക്കുള്ള കയറ്റുമതി രണ്ട് ബില്യൺ ഡോളർ അധികമായി വർദ്ധിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, ഓർഗാനിക്, അജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, അരി, തേയില, കാപ്പിപ്പൊടി, പാൽ ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യ അധികമായി റഷ്യയിലേയ്‌ക്ക് കയറ്റിയയക്കുന്നത്.

യുഎസും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് കയറ്റുമതി നിർത്തിവെച്ച രാജ്യങ്ങൾ വിതരണം ചെയ്തിരുന്ന ഉൽപ്പന്നങ്ങളാണ് ഇന്ത്യ റഷ്യയിലേയ്‌ക്ക് അയക്കുന്നത്. ഇരു രാജ്യങ്ങളും രൂപയിലും, റൂബിളിലും വ്യാപാരം തീർപ്പാക്കാനുള്ള നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ഈ നീക്കം.

സമുദ്രോത്പന്നങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ് എന്നിവയാണ് ഇന്ത്യ റഷ്യയിലേക്ക് അയയ്‌ക്കാൻ ശ്രമിക്കുന്ന മറ്റ് ചില ഇനങ്ങൾ. യുക്രെയ്‌നിനെതിരായ യുദ്ധത്തിന് മറുപടിയായി റഷ്യയ്‌ക്കെതിരെ യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.

നിലവിൽ, യുഎസിലേയ്‌ക്കുള്ള 68 ബില്യൺ ഡോളറിന്റെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിലേയ്‌ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3 ബില്യൺ ഡോളറാണ്. അതേസമയം, ഊർജ ഇറക്കുമതി വൈവിധ്യവത്കരിക്കാൻ ഇന്ത്യയെ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. ഇന്നലെ നടന്ന കൂടിക്കാഴ്ചയിലാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. ഇത് റഷ്യയെ ആശ്രയിക്കുന്നത് കുറയ്‌ക്കും.

Related Articles

Back to top button