IndiaLatest

ആദിത്യ എല്‍-1 സൗരജ്വാലയുടെ തീവ്രത രേഖപ്പെടുത്തി

“Manju”

ബെംഗളൂരു: സൗരജ്വാലയുടെ തീവ്രത ഒപ്പിയെടുത്ത് ആദിത്യ എല്‍-1. പേടകത്തിന്റെ ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിംഗ് എക്സ്റേ സ്പെക്‌ട്രോമീറ്റര്‍ (HEL1OS) എന്ന പേലോഡാണ് സൗരജ്വാലയുടെ തീവ്രത അളന്നത്. ഒക്ടോബര്‍ 29-ന് നടത്തിയ നിരീക്ഷണത്തിലാണ് ഒരു സൗരജ്വാലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതെന്ന് ഇസ്രോ അറിയിച്ചു. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ക്ഷണനേരം കൊണ്ട് സ്ഫോടനാത്മകമായി പ്രകാശം പ്രവഹിക്കുന്നതിനെയാണ് സൗരജ്വാല എന്ന് പറയുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ വൈദ്യുതകാന്തിക വികിരണത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷനുകള്‍, സോളാര്‍ കണിക സംഭവങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പവും അല്ലാതെയും സൗരജ്വാല ഉണ്ടാകുന്നു.

ഓരോ സൗരജ്വാലയും വ്യത്യസ്തമാണ്. സൂര്യന്റെ ഉയര്‍ന്ന അളവിലുള്ള എക്സറേ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പഠിക്കാനാണ് HEL1OS പേലോഡിനെ സജ്ജമാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്‌ആര്‍ഒയിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ ബഹിരാകാശ ജ്യോതിശാസ്ത്ര ഗ്രൂപ്പാണ് HEL1OS വികസിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപിച്ചത്.

 

Related Articles

Back to top button