IndiaKeralaLatest

പോളിങ്‌ ദിനത്തില്‍ മഴയ്‌ക്കു സാധ്യത

“Manju”

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്റെ ശക്‌തിയില്‍ മധ്യകേരളത്തില്‍ കനത്ത മഴ. ഇന്നലെ ഉച്ചമുതല്‍ എറണാകുളം, തൃശൂര്‍, ഇടുക്കിയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടു കൂടി ശക്‌തമായ മഴ പെയ്‌തു. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്‌തിയും കൂടി. വോട്ടെടുപ്പു ദിവസം വരെ മഴയുണ്ടാകാനാണു സാധ്യതയെന്നു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്‌ഥാ വിഭാഗം സൂചിപ്പിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായതോടെ തെക്കന്‍ കേരളത്തില്‍ വേനല്‍ മഴയ്‌ക്കുള്ള സാധ്യത തല്‍ക്കാലം ഒഴിവായി.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രുപമെടുത്തിരിക്കുന്നത്‌ രാജ്യത്തിന്റെ ദക്ഷിണതീരത്തുനിന്ന്‌ അകലെയാണ്‌. എങ്കിലും അതിനുള്ളിലേക്ക്‌ ദൂരെ നിന്നുപോലും കാറ്റിനെ വലിച്ചെടുക്കുന്നതാണ്‌ മഴയ്‌ക്കു കാരണമാകുന്നത്‌. അറബിക്കടലിന്‌ മുകളില്‍ നിന്നുള്ള വായുവും മേഘവും ന്യൂനമര്‍ദമേഖലയിലേക്ക്‌ സഞ്ചരിക്കുകയാണ്‌. മേഘങ്ങള്‍ പശ്‌ചിമഘട്ടത്തില്‍ തട്ടി മഴയായി മാറുകയും ചെയ്യുന്നു. സാമാന്യം നല്ല തോതിലാണു മഴ പെയ്യുന്നത്‌. ഉച്ചകഴിഞ്ഞാണ്‌ മഴശക്‌തം. മധ്യകേരളത്തില്‍ കൂടുതലും തെക്കന്‍ കേരളത്തില്‍ കുറവും മഴ ലഭിക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്‌. ഇപ്പോഴുണ്ടായ സവിശേഷമായ ന്യൂനമര്‍ദമഴ നാലോ അഞ്ചോ ദിവസങ്ങള്‍ തുടര്‍ന്നതിനുശേഷം ദുര്‍ബലമാകും.
ശക്‌തമായ ഉഷ്‌ണതരംഗം പ്രതീക്ഷിച്ചിരുന്നെങ്കിലും മഴമേഘങ്ങള്‍ സൂര്യരശ്‌മികളെ തടുത്തുനിര്‍ത്തിയതുകൊണ്ട്‌ സംസ്‌ഥാനത്ത്‌ ശരാശരി അന്തരീക്ഷ താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുങ്ങി. മറിച്ചായിരുന്നെങ്കില്‍ സൂര്യാഘാതം ഉണ്ടാകുമായിരുന്നുവെന്ന്‌ കുസാറ്റ്‌ കാലാവസ്‌ഥാ ഗവേഷകന്‍ ഡോ. അഭിലാഷ്‌ സൂചിപ്പിച്ചു. ഏപ്രില്‍ മധ്യത്തോടെ മഴയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button