KeralaLatest

രാജ്യസഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ അസാധാരണ സാഹചര്യമെന്ന് കമ്മിഷന്‍

“Manju”

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അസാധാരണ സാഹചര്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വിജ്ഞാപനം ഇറക്കിയ ശേഷം രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. രാജ്യസഭ, നിയമസഭയുടെ കണ്ണാടിയാണ്. നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുന്‍പ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. വോട്ടെടുപ്പും നടന്നു. ഈ സാഹചര്യത്തില്‍ കാലാവധി പൂര്‍ത്തിയാവുന്ന നിയമസഭയിലെ അംഗങ്ങള്‍ പുതിയ രാജ്യ സഭാംഗങ്ങളെ തിരഞ്ഞെടുത്താല്‍ അതില്‍ ജനാഭിലാഷം പ്രതിഫലിക്കില്ലെന്ന് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചതിനാല്‍ നിയമോപദേശം തേടിയ ശേഷമാണ് തിരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്ന് കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

നിലവിലെ നിയമസഭാംഗങ്ങള്‍ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുത്താല്‍ അത് അനുചിതവും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാകുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണങ്കില്‍ രാജ്യസഭയുടെ കാലാവധി ആറ് വര്‍ഷമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ നിയമസഭ നിലവില്‍ വന്ന ശേഷം രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതാവും ഭരണഘടനാപരമെന്നാണ് നിയമോപദേശമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിജ്ഞാപനം വന്ന് 19 ദിവസം ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളൂ. ഏപ്രില്‍ 21ന് തൊട്ടുമുമ്ബുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കില്‍ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ. മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാല്‍ നിലവിലെ നിയമസഭാ അംഗങ്ങള്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമസഭയ്ക്കാണ് യഥാര്‍ഥ ജനഹിതമെന്നാണ് നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷന് നിയമോപദേശം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button