KeralaLatest

നേതാവായി മിന്നി, പക്ഷേ…?

“Manju”

ശക്തനായ പ്രതിപക്ഷ നേതാവായിരുന്നെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസിന്റെ പടിയിറങ്ങുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലേക്ക് വലിച്ചിട്ട ആരോപണങ്ങള്‍ പൊതുമദ്ധ്യത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് രമേശിനുണ്ട്. പക്ഷേ, സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള പ്രയാണത്തിന് വിലങ്ങുതടിയായി. അതിന് സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും സംഘടനാപരമായ പാളിച്ചകളും ഘടകമായി.

2004ല്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായപ്പോഴാണ് സംസ്ഥാന പാര്‍ട്ടിയെ നയിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയെ കേരളത്തിലെത്തിച്ചത്. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിരുന്നു കൊണ്ട് സംഘടനയെ ക്രിയാത്മകമായി തന്നെ മുന്നോട്ട് കൊണ്ടുപോയി. മണ്ഡല പുനര്‍വിഭജനത്തിന് ശേഷം 2011ലുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ യു.ഡി.എഫിന് കഷ്ടിച്ചാണ് അധികാരം പിടിക്കാനായത്.

2016 ആയപ്പോള്‍ ആരോപണപ്പെരുമഴയില്‍ ആടിയുലഞ്ഞ യു.ഡി.എഫ് തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. 22 എം.എല്‍.എമാരെയേ കോണ്‍ഗ്രസിന് ജയിപ്പിച്ചെടുക്കാനായുള്ളൂ. പിന്നീട്, പ്രതിപക്ഷത്തായപ്പോഴും ആ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനത്തിന് കഴിഞ്ഞില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആലസ്യം കൂട്ടി. അമിത ആത്മവിശ്വാസമെന്ന് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് ഇതിനെയാണ്. 22ല്‍ നിന്ന് അമ്ബതിലേക്ക് സീറ്റ് നില ഉയര്‍ത്തുകയെന്ന വെല്ലുവിളിയാണ് നേതാക്കള്‍ക്കുണ്ടായിരുന്നത്.

പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ നിരന്തരമുയര്‍ത്തി. ബ്രുവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കാനുള്ള നീക്കത്തെ തുറന്നുകാട്ടിയായിരുന്നു തുടക്കം. സര്‍ക്കാര്‍ പെട്ടെന്ന് തന്നെ പിന്മാറി. പിന്നീട് കൊവിഡ് കാലത്തെ വ്യക്തിവിവര ശേഖരണത്തിന് അമേരിക്കന്‍ കമ്ബനിയായ സ്പ്രിന്‍ക്ലറുമായി ഏര്‍പ്പെട്ട കരാറിനെതിരെ രംഗത്തെത്തി. അത് വന്‍ രാഷ്ട്രീയ കോളിളക്കമായി. സ്വര്‍ണക്കടത്ത് വിവാദം മൂര്‍ച്ഛിച്ചപ്പോഴും അദ്ദേഹം സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുയര്‍ത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ ചതിക്കുഴികളുയര്‍ത്തി രമേശ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഇതിന്റെയെല്ലാം ക്രെഡിറ്റ് തിരഞ്ഞെടുപ്പില്‍ കിട്ടുമെന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, സംഘടനാദൗര്‍ബല്യത്തിന്റെ ആഴത്തെക്കുറിച്ച്‌ ബോധവാനായിരുന്നില്ലെന്ന് വേണം കരുതാന്‍.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് താഴേത്തട്ടിലടക്കം ഇടപെട്ട് സര്‍ക്കാര്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങളും സന്നദ്ധസേവകരായി സി.പി.എം പ്രവര്‍ത്തകരടക്കം ഇറങ്ങിപ്രവര്‍ത്തിച്ചതുമൊന്നും കോണ്‍ഗ്രസ് കണ്ടില്ല. തിരഞ്ഞെടുപ്പിലാകട്ടെ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തില്‍ പാര്‍ട്ടി നേതൃത്വം അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവായി നന്നായി പ്രവര്‍ത്തിച്ചിട്ടും ഇപ്പോഴത്തെ നീക്കങ്ങളില്‍ മാന്യമായ സമീപനമുണ്ടായില്ലെന്ന പരിഭവം രമേശിന്റെ ക്യാമ്ബിനുണ്ട്. അദ്ദേഹത്തെ അപമാനിച്ച്‌ പുറത്താക്കിയെന്ന വികാരത്തിലാണ് ഐ ഗ്രൂപ്പ് നേതൃത്വം. തുടക്കത്തിലേ അദ്ദേഹത്തോട് നിര്‍ദ്ദേശിക്കാമായിരുന്നത് വലിച്ചുനീട്ടി വഷളാക്കിയെന്നവര്‍ കരുതുന്നു. കക്ഷിനേതാവിനെ നേരത്തേ തിരഞ്ഞെടുക്കാമായിരുന്നു.

Related Articles

Back to top button