Kerala

സ്ത്രീധന പീഡനങ്ങൾ നാടിന് നാണക്കേട്;  ഗവർണർ

“Manju”

തിരുവനന്തപുരം : സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമർത്തപ്പെടുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹ്യ ബോധം ഇല്ലാത്തതാണ് കേരളത്തിലെ പ്രശ്‌നം. സ്ത്രീധനം നാടിന് തന്നെ നാണക്കേടാണെന്നും ഇതിനെതിരെ പ്രതികരിക്കാൻ പുതിയ തലമുറയെ പരിശീലിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ നടത്തിയ ഉപവാസത്തിന് ശേഷമാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്.

ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടേയും വിഷയമല്ല. സ്ത്രീധനത്തിനെതിരെ എല്ലാവരും ഒരുപോലെ കൈകോർക്കണം. കോളേജിൽ നിന്നും ബിരുദം നൽകുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും പറഞ്ഞുകൊണ്ടുള്ള ബോണ്ട് ഒപ്പിട്ടു വാങ്ങണം എന്ന നിർദ്ദേശവും ഗവർണർ മുന്നോട്ട് വെച്ചു. ഇത് ലംഘിച്ചുവെന്ന് അറിഞ്ഞാൽ ഇവരുടെ ബിരുദം സർവ്വകലാശാലകൾ റദ്ദാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

സർക്കാർ പ്രതിനിധികളും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീധനത്തിനെതിരെ യുവ തലമുറയും പ്രതികരിക്കണം. പെൺകുട്ടികൾ നോ പറയാൻ പഠിക്കണം. സ്ത്രീധനം ആവശ്യപ്പെട്ടാൽ പെൺകുട്ടികൾ വിവാഹത്തിൽ നിന്നും പിൻമാറണമെന്നും ഗവർണർ പറഞ്ഞു.

താൻ ഉപവാസത്തിന് തീരുമാനിച്ചപ്പോൾ ഉമ്മൻ ചാണ്ടി, കുമ്മനം രാജശേഖരൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജഗോപാൽ ഗാന്ധിജിയുടെ പൗത്രി എന്നിവർ തന്നെ വിളിച്ച് പിന്തുണ നൽകിയതായി ഗവർണർ അറിയിച്ചു. സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും വർദ്ധിച്ചുവന്ന സാഹചര്യത്തിലാണ് ഇതിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് ഗവർണർ ഉപവാസം ഇരുന്നത്.

Related Articles

Back to top button