KeralaLatest

ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണസംവിധാനം സജ്ജം : മന്ത്രി ജി.ആര്‍.അനില്‍

“Manju”

കോഴിക്കോട്: ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണ വകുപ്പ് സര്‍വ്വ സജ്ജമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓഫീസര്‍മാരുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വിപണിയില്‍ ആവശ്യമായ ഇടപെടല്‍ നടത്താനും ആവിഷ്കരിച്ചിട്ടുള്ള പരിപാടികള്‍ ഫലപ്രദമായി നടപ്പില്‍ വരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാതില്‍പ്പടി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സൗജന്യ ഓണക്കിറ്റ് വിതരണത്തിനാവശ്യമായ ഒരുക്കങ്ങള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് പകുതിയോടെ ഓണച്ചന്തകള്‍ ആരംഭിക്കും. ഉല്‍പ്പന്നങ്ങളുടെ അളവിലോ ഗുണമേന്മയിലോ വിട്ടുവീഴ്ച പാടില്ല. ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്ന അനര്‍ഹര്‍ക്ക് സ്വമേധയാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാനുളള ആഹ്വാനത്തിന് നല്ല പ്രതികരണമുണ്ടായി. ഒന്നര ലക്ഷത്തിലധികം പേര്‍ ഇതിനോടകം കാര്‍ഡ് തിരിച്ചേല്‍പ്പിച്ചു. ജില്ലയില്‍ 10,734 കാര്‍ഡുകളാണ് സ്വമേധയാ തിരിച്ചേല്‍പ്പിച്ചത്.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.എന്‍.ബേബി കാസ്‌ട്രോ, സപ്ലൈകോ റീജണല്‍ മാനേജര്‍ എന്‍. രഘുനാഥ്, ഡെപ്യൂട്ടി റേഷനിങ്ങ് കണ്‍ട്രോളര്‍ കെ. മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ്, ഡിപ്പോ മാനേജര്‍മാരായ രജനി കെ.കെ, സുമേഷ് പി.കെ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ശ്രീജ എന്‍.കെ, സജീവന്‍ ടി.സി, ഫൈസല്‍ പി, കെ.മുരളീധരന്‍, ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button